Sports
ഡാളസ്: ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഫുട്ബോൾ ഇതിഹാസം ലോകകപ്പ് കിരീടമില്ലാതെ മടങ്ങുന്നു. റൊണാൾഡോയുടെ പോർച്ചുഗൽ ഇന്ന് നടന്ന പ്രീക്വാർട്ടറിൽ സ്പെയിനോട് എതിരില്ലാത്ത ഒരു ഗോളിന് തോൽവി വഴങ്ങി.
കളത്തിലിറങ്ങി അഞ്ചു മിനിറ്റിനുള്ളിൽ വലകുലുക്കിയ മിക്കെൽ മെറീനോയുടെ ഗോളിലാണ് സ്പെയിൻ ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തത്. 90 മിനിറ്റിലും ഗോൾരഹിതമായി തുടർന്ന മത്സരത്തിന്റെ ഇൻജുറി ടൈമിന്റെ ആദ്യ മിനിറ്റിൽ തന്നെയായിരുന്നു മെറീനോയുടെ ഗോൾ.
പെട്ടെന്ന് എടുത്ത ഒരു ഫ്രീകിക്കാണ് സ്പെയിനിന്റെ വിജയഗോളിലേക്ക് വഴിവെട്ടിയത്. ഫെറാൻ ടോറസ് നീട്ടി നൽകിയ പന്ത് മെറീനോ വലയിലെത്തിക്കുകയായിരുന്നു. ടൂർണമെന്റിൽ ഇതുവരെ ഗോൾ വഴങ്ങിയിട്ടില്ലെന്ന റെക്കോഡ് നിലനിർത്താനും സ്പെയിനിനായി.
ലോകകപ്പ് ഉയർത്താനുള്ള റൊണാൾഡോയുടെ അവസാന അവസരത്തിനും അതോടെ അവസാനമായി. 41-കാരനായ താരത്തിന് ഇനിയൊരു ലോകകപ്പിന് സാധ്യയുണ്ടാകില്ല.
Sports
ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തിലെ സുന്ദര ടീമായ ബ്രസീല്‍ 2026 എഡിഷനില്നിന്നു പുറത്ത്. വൈക്കിംഗ് റോവുകാരായ നോര്‍വെയ്ക്കു മുന്നില്‍ ബ്രസീലിന്റെ യാത്ര അവസാനിച്ചു. 2026 ഫിഫ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ നോര്‍വെ 2-1ന് ബ്രസീലിനെ കീഴടക്കി. സൂപ്പര്‍താരം എര്‍ലിംഗ് ഹാലണ്ടിന്റെ ഇരട്ടഗോളിലായിരുന്നു നോര്‍വെയുടെ ജയം. 79, 90 മിനിറ്റുകളിലായിരുന്നു എര്‍ലിംഗ് ഹാലണ്ടിന്റെ ഗോളുകള്‍.
പകരക്കാരുടെ ബെഞ്ചില്‍നിന്നെത്തിയ നെയ്മര്‍ ജൂണിയര്‍ 90+10-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ബ്രസീലിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തി. ബ്രസീല്‍ പുറത്തായതിനു പിന്നാലെ രാജ്യാന്തര ഫുട്ബോളില്‍നിന്ന് നെയ്മര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ബ്രസീലിന്റെ എക്കാലത്തെയും ടോപ് സ്കോറർ ആയാണ് നെയ്മര്‍ പടിയിറങ്ങിയത് (130 മത്സരങ്ങളില്‍നിന്ന് 80 ഗോള്‍).
മത്സരത്തിന്റെ ഗതി നിര്‍ണയിച്ചത്, 14-ാം മിനിറ്റില്‍ ബ്രസീലിനു ലഭിച്ച പെനാല്‍റ്റി മുതലാക്കാന്‍ സാധിക്കാതിരുന്നതായിരുന്നെന്നു വിലയിരുത്താം. ബ്രൂണോ ഗിമാറാഷ് എടുത്ത ബലഹീനമായ പെനാല്‍റ്റി നോര്‍വീജിയന്‍ ഗോള്‍ കീപ്പര്‍ ഓര്‍ജന്‍ നൈലാന്‍ഡ് ഇടത്തേക്കു ചാടി തട്ടിത്തെറിപ്പിച്ചു.
സഹ ആതിഥേയരായ മെക്സിക്കോയെ ഹൈ ആള്‍ട്ടിറ്റിയൂഡ് സ്റ്റേഡിയമായ അസ്ടെക്കയിലെ പോരാട്ടത്തില്‍ 3-2നു കീഴടക്കിയ ഇംഗ്ലണ്ടാണ് ക്വാര്‍ട്ടറില്‍ നോര്‍വെയുടെ എതിരാളികള്‍. 54-ാം മിനിറ്റ് മുതല്‍ ഇംഗ്ലണ്ടിന്റെ അംഗബലം പത്തിലേക്കു ചുരുങ്ങിയിരുന്നു.
പ്രതിരോധതാരം ജാരെല്‍ ക്വാന്‍സ ചുവപ്പുകാര്‍ഡ് കണ്ടതോടെയാണ് ഇംഗ്ലണ്ട് പത്തു പേരായത്. എന്നാല്‍, ആദ്യപകുതിയില്‍ ജൂഡ് ബെല്ലിങ്ഗം നേടിയ ഇരട്ടഗോളില്‍ ഇംഗ്ലണ്ട് ലീഡ് നേടിയിരുന്നു.
36, 38 മിനിറ്റുകളിലായിരുന്നു ബെല്ലിങ്ഗമിന്റെ അടുപ്പിച്ചുള്ള രണ്ട് ഗോളുകള്‍. 60-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ക്യാപ്റ്റന്‍ ഹാരി കെയ്നും ഇംഗ്ലണ്ടിനായി വലകുലുക്കി. ഹൂലിയന്‍ ക്വിനോനെസ്, റൗള്‍ ഹിമെറെസ് എന്നിവരായിരുന്നു മെക്സിക്കോയുടെ ഗോള്‍ നേട്ടക്കാര്‍. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ മെക്സിക്കോ അസ്ടെക്കയില്‍ പരാജയപ്പെടുന്നത് ഇതാദ്യം.
ഇന്നു നടക്കുന്ന സൂപ്പര്‍ ത്രില്ലര്‍ പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയും ഈജിപ്തും ഏറ്റുമുട്ടും. ലയണല്‍ മെസിയും മുഹമ്മദ് സലയും നേര്‍ക്കുനേര്‍ ഇറങ്ങുന്നു എന്നതാണ് മത്സരത്തിന്റെ പ്രത്യേകത. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് കിക്കോഫ്. നാളെ പുലര്‍ച്ചെ 1.30ന് നടക്കുന്ന സ്വിറ്റ്സര്‍ലന്‍ഡ് x കൊളംബിയ പോരാട്ടത്തോടെ പ്രീക്വാര്‍ട്ടര്‍ റൗണ്ട് പൂര്‍ത്തിയാകും.
Sports
നോര്‍വെയുടെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. മൂന്നാം മിനിറ്റില്‍ നോര്‍വെയുടെ പാട്രിക് ബെര്‍ഗിന്റെ ക്ലിനിക്കല്‍ ഫിനിഷിംഗ്. ബ്രസീല്‍ ഗോള്‍വലയുടെ വലത് മേല്‍ത്തട്ടില്‍ പന്ത് തുള്ളിക്കളിച്ചെങ്കിലും റഫറിയുടെ ഓഫ് സൈഡ് ഫ്ളാഗ് ഉയര്‍ന്നിരുന്നു. നോര്‍വെയുടെ അലക്സാണ്ടര്‍ സോര്ലോത്തായിരുന്നു ഓഫ് സൈഡില്‍ കുരുങ്ങിയത്.
എട്ടാം മിനിറ്റില്‍ ബ്രസീലിന്റെ റൈഡ് നോര്‍വെ ഗോള്‍ മുഖത്തേക്ക്. ബ്രൂണോ ഗിമാറാഷും ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയും ചേര്‍ന്നു നയിച്ച ആക്രമണം മത്തേവൂസ് കുന്യയിലൂടെ പെനാല്‍റ്റി ബോക്സില്‍. എന്നാല്‍, കുന്യയെ നോര്‍വെ ഡിഫെന്‍ഡര്‍ ക്രിസ്റ്റഫര്‍ അജര്‍ വീഴ്ത്തി. റഫറി വിഎആര്‍ പരിശോധിച്ചു. ബ്രസീലിന് അനുകൂലമായി സ്പോട്ട് കിക്ക്.
ലീഡ് നേടാന്‍ ബ്രസീലിനു ലഭിച്ച സുവര്‍ണാവസരം. എന്നാല്‍, കിക്കെടുത്ത ബ്രൂണോ ഗിമാറാഷിനു പിഴച്ചു. ബ്രസീല്‍ താരത്തിന്റെ ബലഹീന കിക്ക്, നോര്‍വെ ഗോള്‍കീപ്പര്‍ ഓര്‍ജന്‍ നൈലാന്‍ഡ് ഇടത്തേക്കു ചാടി തട്ടിത്തെറിപ്പിച്ചു... 80,663 കാണികള്‍ നിറഞ്ഞ സ്റ്റേഡിയത്തിലെ ബ്രസീല്‍ ആരാധകരുടെ ശ്വാസം നിലച്ച നിമിഷം.
അതേസമയം, നോര്‍വീജിയന്‍ ആരാധകരുടെ ആഹ്ലാദത്തിമിര്‍പ്പ്... ആദ്യ 15 മിനിറ്റില്‍ 70 ശതമാനവും പന്തിന്റെ നിയന്ത്രണം നോര്‍വെയുടെ പക്കലായിരുന്നു എന്നതും ഈ പെനാല്‍റ്റി നഷ്ടത്തോടു ചേര്‍ത്തുവായിക്കണം.
വിനിസ്യൂസ് ജൂണിയര്‍ കളത്തില്‍ ഉണ്ടായിരുന്നെങ്കിലും ഗിമാറാഷ് പെനാല്‍റ്റി കിക്ക് എടുത്തതിനെതിരേ വിമര്‍ശനമുയര്‍ന്നു. എന്നാല്‍, മത്സരശേഷം മുഖ്യപരിശീലകന്‍ ആഞ്ചെലോട്ടി പറഞ്ഞത് ഇങ്ങനെ: “നെയ്മര്‍, റാഫീഞ്ഞ എന്നിവര്‍ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇല്ലാതിരുന്നതിനാല്‍ പെനാല്‍റ്റി എടുക്കാനുള്ള മൂന്നാമത്തെ ചോയിസായിരുന്ന ഗിമാറാഷ് സ്പോട്ട് കിക്ക് എടുക്കുകയായിരുന്നു”.
International
ന്യൂയോര്‍ക്ക്: ഫിഫ 2026 ലോകകപ്പില്‍ ടോപ് സ്കോററിനുള്ള ഗോള്‍ഡന്‍ ബൂട്ടിനുള്ള പോരാട്ടം കടുക്കുന്നു.
അര്‍ജന്റീനയുടെ ലയണല്‍ മെസി, ഫ്രാന്‍സിന്റെ കിലിയന്‍ എംബപ്പെ എന്നിവര്‍ക്കു പിന്നാലെ നോര്‍വെയുടെ എര്‍ലിംഗ് ഹാലണ്ടും ഏഴ് ഗോളുമായി പട്ടികയുടെ തലപ്പത്തെത്തി. എംബപ്പെ, ഹാലണ്ട് എന്നിവരുടെ പ്രീക്വാര്‍ട്ടര്‍ മത്സരം കഴിഞ്ഞതാണ്.
മെസിയുടെ അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ ഇറങ്ങിയിട്ടില്ല. രണ്ട് ഗോളിന് അസിസ്റ്റ് നടത്തിയ എര്‍ലിംഗ് ഹാലണ്ടാണ് ടോപ് സ്കോറര്‍ പട്ടികയുടെ തലപ്പത്ത്.
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു എഡിഷനില്‍ മൂന്നു താരങ്ങള്‍ ഏഴ് ഗോള്‍ വീതം നേടുന്നത്. പ്രീക്വാര്‍ട്ടര്‍ പോരാട്ടം പുരോഗമിക്കുന്നതിനിടെയാണിതെന്നതും ശ്രദ്ധേയം. ഇംഗ്ലണ്ടിന്റെ ഹാരി കെയ്ന്‍ ആറ് ഗോളുമായി എംബപ്പെ, മെസി, ഹാലണ്ട് എന്നിവര്‍ക്കു പിന്നിലുണ്ട്.
Sports
പെന്‍സില്‍വാനിയ: 76 ശതമാനം പന്ത് നിയന്ത്രണം. 15 ഷോട്ടില്‍ അഞ്ച് എണ്ണം ഓണ്‍ ടാര്‍ഗറ്റ്. പൂര്‍ത്തിയാക്കിയ പാസ് 553. പാസ് കൃത്യത 90 ശതമാനം. എന്നിട്ടും ഫിഫ ലോകകപ്പില്‍ നിലവിലെ ഫൈനലിസ്റ്റുകളായ കിലിയന്‍ എംബപ്പെയുടെ ഫ്രാന്‍സിന്, പരാഗ്വെയ്ക്ക് എതിരായ പ്രീക്വാര്‍ട്ടറില്‍ ഒരു ഫീല്‍ഡ് ഗോള്‍ നേടാന്‍ സാധിച്ചില്ല.
അതേസമയം, സമനിലയിലൂടെ മത്സരം നീട്ടി ഷൂട്ടൗട്ട്വരെ എത്തിക്കാമെന്ന പരാഗ്വെന്‍ മോഹം നിശ്ചിത സമയത്തെ ഒരൊറ്റ പെനാല്‍റ്റിയില്‍ അവസാനിച്ചു. 2026 ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ കിലിയന്‍ എംബപ്പെയുടെ പെനാല്‍റ്റി ഗോളിലൂടെ 1-0നു പരാഗ്വെയെ കീഴടക്കി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍. 70-ാം മിനിറ്റിലായിരുന്നു മത്സരത്തിന്റെ വിധിനിര്‍ണയിച്ച, കിലിയന്‍ എംബപ്പെയുടെ പെനാല്‍റ്റി ഗോള്‍ പിറന്നത്.
പൊള്ളിക്കുന്ന ചൂടേറ്റ്
അന്തരീക്ഷ ഊഷ്മാവ് 38 ഡിഗ്രി സെല്‍ഷസില്‍ എത്തിനില്‍ക്കുമ്പോഴായിരുന്നു ഫ്രാന്‍സ് x പരാഗ്വെ പോരാട്ടം അരങ്ങേറിയത്. പൊള്ളിക്കുന്ന ചൂടേറ്റ് താരങ്ങള്‍ വിയര്‍ത്തു. അന്തരീക്ഷത്തിലേതുപോലെ കളത്തിലും പോരാട്ടച്ചൂട് വര്‍ധിച്ചു. ഉസ്മാന് ഡെംബെലെ, മൈക്കല്‍ ഒലിസ്, ബ്രാഡ്ലി ബര്‍ക്കോള, കിലിയന്‍ എംബപ്പെ തുടങ്ങിയവര്‍ അണിനിരന്ന ഫ്രാന്‍സിന്റെ പേരുകേട്ട ആക്രമണനിരയെ പരാഗ്വെന്‍ പ്രതിരോധവും ഗോള്‍ കീപ്പര്‍ ഒര്‍ലാന്റൊ ഗില്ലും തടഞ്ഞുനിര്‍ത്തി.
ഫ്രാന്‍സിന്റെ ആദ്യ ആക്രമണം ഏഴാം മിനിറ്റില്‍ കോര്‍ണര്‍ വഴങ്ങി പരാഗ്വെ തടഞ്ഞു. എന്നാല്‍, പെരുവെള്ളപാച്ചില്‍ പോലായിരുന്നു ഫ്രാന്‍സ്. ആദ്യ 10 മിനിറ്റിനുള്ളില്‍ പരാഗ്വെയുടെ ഫൈനല്‍ തേര്‍ഡില്‍ ഫ്രാന്‍സ് പൂര്‍ത്തിയാക്കിയത് 56 പാസുകള്‍. പരാഗ്വെയ്ക്ക് ഒരിക്കല്‍പോലും ഫ്രാന്‍സിന്റെ ഫൈനല്‍ തേര്‍ഡിലേക്ക് പ്രവേശനം ലഭിച്ചതുമില്ല.
16-ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ ബര്‍കോള നടത്തിയ ക്രോസ് പരാഗ്വെ ഗോള്‍ കീപ്പറിന്റെ കൈകളില്‍ ഭദ്രം. 31-ാം മിനിറ്റില്‍ എംബപ്പെ ഗോളിന്റെ വക്കില്‍വരെ എത്തി. ഡെംബെലെയുടെ ക്രോസില്‍ തലവച്ച എംബപ്പെയ്ക്കു ലക്ഷ്യം നേടാന്‍ സാധിച്ചില്ല. പന്ത് പുറത്തേക്ക്. 38-ാം മിനിറ്റില്‍ ഡെംബെലെ-എംബപ്പെ മുന്നേറ്റം. എംബപ്പെ നല്കിയ പാസില്‍ ഡെംബെലെ തൊടുത്ത ഷോട്ട് പരാഗ്വെന്‍ പ്രതിരോധതാരമായ ജൂനിയര്‍ അലോണ്‍സോ ക്ലിയര്‍ ചെയ്തു.
55-ാം മിനിറ്റില്‍ ബര്‍കോളയുടെ മിന്നും ലോംഗ് റേഞ്ച്. പന്ത് പരാഗ്വെയുടെ ഗോള്‍പോസ്റ്റിന്റെ മേല്‍ത്തട്ടില്‍ വിശ്രമിക്കുമെന്നു തോന്നിപ്പിച്ചു. എന്നാല്‍, ഉജ്വല സേവുമായി ഒര്‍ലാന്റൊ ഗില്‍ രക്ഷകനായി. 61-ാം മിനിറ്റില്‍ ബ്രാഡ്ലി ബര്കോളയെ പിന്‍വലിച്ച് ഫ്രഞ്ച് കോച്ച് ദിദിയെ ദേഷാംപ്, ഡെസിറെ ഡൂവേയെ ഇറക്കി.
65-ാം മിനിറ്റില്‍ ഡൂവേ പരാഗ്വെന്‍ ഗോള്‍ പോസ്റ്റില്‍ വീണു. പരാഗ്വെന്‍ പ്രതിരോധക്കാരെ മറികടന്ന് മുന്നേറിയ ഡൂവേയെ പരാഗ്വെയുടെ ഗുസ്താവൊ ഗോമസ് വീഴ്ത്തിയതായി വിഎആറില്‍ തെളിഞ്ഞു. അതോടെ റഫറി പെനാല്‍റ്റി സ്പോട്ടിലേക്ക് ചൂണ്ടി വിസില്‍ ഊതി. 70-ാം മിനിറ്റിൽ കിക്കെടുത്ത സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയ്ക്കു പിഴച്ചില്ല. നിലംപറ്റെയുള്ള ഷോട്ടിലൂടെ എംബപ്പെയുടെ ക്ലിനിക്കല്‍ പെനാല്‍റ്റി. 1-0നു ഫ്രാന്‍സ് മുന്നില്‍.
പിന്നീടും പരാഗ്വെ ഗോള്‍മുഖം വിറപ്പിക്കാന്‍ ഫ്രാന്‍സിനു സാധിച്ചെങ്കിലും വലകുലുക്കാന്‍ സാധിച്ചില്ല. 90+6-ാം മിനിറ്റില്‍ എംബപ്പെയുടെ ഇരട്ടഷോട്ട് പരാഗ്വെ ഗോള്‍ കീപ്പര്‍ ഒര്‍ലാന്റൊ ഗില്‍ അദ്ഭുതകരമായി തടഞ്ഞു. അതോടെ 1-0ന്റെ ജയവുമായി ഫ്രാന്‍സ് ക്വാര്‍ട്ടറിലേക്ക്. ക്വാര്‍ട്ടറില്‍ മൊറോക്കോയാണ് ഫ്രാന്‍സിന്റെ എതിരാളികള്‍. സഹആതിഥേയരായ കാനഡയെ മറുപടിയില്ലാത്ത മൂന്നു ഗോളിനു കീഴടക്കിയാണ് മൊറോക്കോയുടെ ക്വാര്‍ട്ടര്‍ പ്രവേശം.
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ മൂന്ന് എഡിഷനില്‍ മൂന്നോ അതില്‍ കൂടുതലോ ഗോള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടം ഫ്രാന്‍സിന്റെ കിലിയന്‍ എംബപ്പെയ്ക്കു സ്വന്തം. 2018, 2022, 2026 ലോകകപ്പുകളിലാണ് എംബപ്പെയുടെ ഈ നേട്ടം. ബ്രസീലിന്റെ റൊണാള്‍ഡോ നസാരിയൊ, വാവ, ഇംഗ്ലണ്ടിന്റെ ഗാരി ലിനേക്കര്‍ എന്നിവര്‍ രണ്ട് എഡിഷനില്‍ 3+ ഗോള്‍ നേടിയിട്ടുണ്ട്.
Sports
ടെക്സസ്: ഫിഫ 2026 ലോകകപ്പില്‍ ഇന്നു ഗ്ലാമര്‍ പ്രീക്വാര്‍ട്ടര്‍. പോര്‍ച്ചുഗലിന്റെ ഇതിഹാസം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും സ്പെയിനിന്റെ കൗമാര സൂപ്പര്‍ സ്റ്റാര്‍ ലാമിന് യമാലും നേര്‍ക്കുനേര്‍ ഇറങ്ങുന്നു.
ഇന്ത്യന്‍ സമയം ചൊവ്വ പുലര്‍ച്ചെ 12.30നാണ് പോര്‍ച്ചുഗല്‍ x സ്പെയിന് മഹാപോരാട്ടം.
റൗണ്ട് ഓഫ് 32ല്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ചാണ് (2-1) പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഓസ്ട്രിയയെ കീഴടക്കി (3-0) സ്പെയിനും അവസാന 16ലേക്കു കുതിച്ചെത്തി.
2018 ഗ്രൂപ്പ് ഘട്ടത്തിലാണ് ഇരുടീമും ഫിഫ ലോകകപ്പ് വേദിയില്‍ അവസാനമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. അന്ന് റൊണാള്‍ഡോയുടെ ഹാട്രിക്കിലൂടെ പോര്‍ച്ചുഗല്‍ 3-3ന്റെ സമനില നേടി.
Sports
ഫിഫ 2026 ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിന് എതിരേ പെനാല്‍റ്റി ഗോളില്‍ പരാഗ്വെ 1-0നു പരാജയപ്പെട്ടെന്നത് മത്സരഫലം. ബോക്സിനുള്ളില്‍ ഫ്രാന്‍സിന്റെ ഡെസിറെ ഡൂവേയെ വീഴ്ത്തിയതിനായിരുന്നു വിഎആറിലൂടെ റഫറി പെനാല്‍റ്റി വിധിച്ചത്. എന്നാല്‍, ഒരു താരത്തിനും കാര്‍ഡ് ലഭിച്ചില്ല. മഞ്ഞക്കാര്‍ഡ് പോലും നല്കാന്മാത്രമുള്ള ഫൗള്‍ നടന്നില്ലെന്നു ചുരുക്കം. എന്നിട്ടും പെനാല്‍റ്റി വിധിച്ചു.
വിഎആറിലൂടെയുള്ള കണ്ടെത്തല്‍ പരാഗ്വെയുടെ പ്രതിരോധതാരം ഗുസ്താവൊ ഗോമസ് ഡൂവേയെ വീഴ്ത്തി എന്നതാണ്. എന്നാല്‍, കാര്‍ഡ് നല്കാന് മാത്രമുള്ള ഫൗള്‍ നന്നിട്ടില്ല. പക്ഷേ, ഡൂവേ നന്നായി അഭിനയിച്ചു. ഇതോടെ 2026 ലോകകപ്പിലെ വിഎആര്‍ പിഴവുകളുടെ പട്ടികയിലേക്ക് ഈ തീരുമാനവും ചേര്‍ക്കപ്പെട്ടു. സാങ്കേതികമായി ഏറ്റവും പുരോഗമിച്ച ലോകകപ്പ് എന്ന വിശേഷണമുള്ളപ്പോഴും 2026ല്‍ റഫറിമാരുടെ പിഴവിന് അവസാനമില്ലെന്ന വിമര്‍ശനം ശക്തമായിട്ടുണ്ട്.
ഫ്രാന്‍സിന് എതിരായ പ്രീക്വാര്‍ട്ടറില്‍ പരാഗ്വെ ഒരു മഞ്ഞക്കാര്‍ഡ് പോലും കണ്ടില്ലെന്നതും ശ്രദ്ധേയം. അതേസമയം, മൂന്നു ഫ്രഞ്ച് താരങ്ങള്‍ മഞ്ഞക്കാര്‍ഡ് കണ്ടു.
ഒര്‍ലാന്റൊ x എംബപ്പെ
ഫിഫ 2026 ലോകകപ്പില്‍ തരംഗമായ ഗോള്‍ കീപ്പര്‍ കേപ് വെര്‍ദെയുടെ 40കാരന് വൊസീഞ്ഞയാണ്. റൗണ്ട് ഓഫ് 32ല്‍ അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസിയുടെ മാത്രം അഞ്ച് ഷോട്ടാണ് വൊസീഞ്ഞ തടഞ്ഞത്.
അതിനു പിന്നാലെ അരങ്ങേറിയ ഫ്രാന്‍സ് x പരാഗ്വെ പോരാട്ടത്തില്‍ കിലിയന്‍ എംബപ്പെയുടെ മൂന്നു ഗോള്‍ ഷോട്ട് തടഞ്ഞ് പരാഗ്വെയുടെ ഒര്‍ലാന്റൊ ഗില്ലും ശ്രദ്ധിക്കപ്പെട്ടു. ഫ്രാന്‍സിന്റെ ഫീല്‍ഡ് ഗോള്‍ ശ്രമങ്ങളെല്ലാം നിഷ്പ്രഭമായത് ഒര്ലാന്റൊയുടെ മുന്നിലായിരുന്നു.
55-ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ ബ്രാഡ്ലി ബര്‍കോളയുടെ ഗോളെന്നുള്ള ലോംഗ് റേഞ്ച് കുത്തിയകറ്റിയതും 90+6-ാം മിനിറ്റില്‍ കിലിയന്‍ എംബപ്പെയുടെ ഇരട്ടഷോട്ട് തഞ്ഞതും ഒര്‍ലാന്റൊ ഗില്ലിന്റെ റേഞ്ച് വ്യക്തമാക്കി. ഡൂവേയുടെ പാസ് സ്വീകരിച്ച എംബപ്പെ ക്ലോസ് റേഞ്ചില്‍ ആദ്യ ഷോട്ട് എടുത്തു. ഗില്ലിന്റെ ബ്ലോക്ക്.
റീബൗണ്ടായെത്തിയ പന്തില്‍ രണ്ടാമതും എംബപ്പെയുടെ ഷോട്ട്. ഇത്തവണ പരാഗ്വെന്‍ ഗോള്‍ കീപ്പര്‍ പന്ത് സ്റ്റോപ്പ് ചെയ്തു. ഈ ലോകകപ്പിലെ മിന്നും സേവ് എന്നു വിശേഷിപ്പിക്കാവുന്ന നിമിഷം. 2026 ലോകകപ്പില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ സേവ് നടത്തിയതും ഒര്‍ലാന്റൊ ഗില്ലാണ്, 28 സേവുകള്‍.
Sports
ന്യൂയോര്‍ക്ക്: കൻസാസ് സിറ്റി: ഫിഫ ലോകകപ്പ് 2026ന്റെ റൗണ്ട് ഓഫ് 32 മത്സരത്തിൽ ഘാനയെ തകർത്ത് കൊളംബിയ. മറുപടിയില്ലാത്ത ഒരു ഗോളിനാണ് കൊളംബിയയുടെ ജയം. മത്സരത്തിന്റെ 14-ാം മിനിറ്റിൽ ജോൺ അരിയാസ് ആണ് കൊളംബിയയ്ക്ക് വേണ്ടി ഗോൾ നേടിയത്.
മത്സരത്തിന്റെ ഭൂരിഭാഗം സമയവും പന്ത് കൈവശം വച്ചത് കൊളംബിയയാണ്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ആക്രമണ ഫുട്ബോൾ പുറത്തെടുത്ത ഘാന കൊളംബിയന്‍ പ്രതിരോധത്തെ സമ്മര്‍ദ്ദത്തിലാക്കി. എന്നാല്‍ 14-ാം മിനിറ്റില്‍ കൊളംബിയ ലീഡ് എടുത്തു. ലൂയിസ് സുവാരസ് നല്കിയ ക്രോസ് സ്വീകരിച്ച ജോണ്‍ അരിയാസ് മനോഹരമായി പന്ത് വലയിലെത്തിച്ചു.
സമനിലയ്ക്കായി ഘാന കിണഞ്ഞു പരിശ്രമിച്ചെങ്കിലും കൊളംബിയൻ പ്രതിരോധം മറികടക്കാൻ എളുപ്പമായിരുന്നില്ല. വിജയത്തോടെ നോക്കൗട്ട് ഘട്ടത്തിലേക്കുള്ള അവസാന ടീമായി കൊളംബിയ മുന്നോട്ട്. പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡാണ് കൊളംബിയയുടെ എതിരാളികള്‍.
Sports
വാൻകൂവർ: ഫിഫ ലോകകപ്പിൽ അൾജീരിയയെ തകർത്ത് സ്വിറ്റ്സർലൻഡ്. കാനഡയിലെ വാൻകൂവറിലുള്ള ബിസി പ്ലേസ് സ്റ്റേഡിയത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് സ്വിസ് ജയം. 10-ാം മിനിറ്റിൽ ബ്രീൽ എംബോളോയും 46-ാം മിനിറ്റിൽ ഡാൻ എൻഡോയെയുമാണ് ഗോളുകൾ നേടിയത്.
തകർപ്പൻ പോരാട്ടം ദൃശ്യമായ മത്സരത്തിന്റെ തുടക്കത്തിൽ അൾജീരിയയ്ക്ക് മികച്ചൊരു അവസരം ലഭിച്ചെങ്കിലും ഹുസെം ഔവർ അത് പാഴാക്കി. പത്താം മിനിറ്റിൽ തന്നെ സ്വിറ്റ്സർലൻഡ് തിരിച്ചടിച്ചു. ജോഹാൻ മൻസാംബിയിൽ നിന്നു ലഭിച്ച പാസ് ബ്രീൽ എംബോളോ അനായാസം വലയിലാക്കി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സ്വിറ്റ്സർലൻഡ് ലീഡ് ഉയർത്തി. 46-ാം മിനിറ്റിൽ അൾജീരിയൻ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ഡാൻ എൻഡോയെ തൊടുത്ത തകർപ്പൻ ഷോട്ട് വലയിലേക്ക്. പിന്നാലെ ഗോൾ മടക്കാൻ അൾജീരിയ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. രണ്ടു ഗോളിന്റെ ബലത്തിൽ സ്വിസ് പട മുന്നോട്ട്. അൾജീരിയൻ പട ലോകകപ്പിനു പുറത്തേക്കും.
ജൂലൈ ഏഴിനു നടക്കുന്ന അടുത്ത റൗണ്ട് മത്സരത്തിൽ കൊളംബിയ - ഘാന മത്സര വിജയികളെ സ്വിറ്റ്സർലൻഡ് നേരിടും.
Sports
ഫിഫ 2026 ലോകകപ്പ് ഫുട്ബോളില്‍ ഹാരി കെയ്ന്റെ നേതൃത്വത്തില്‍ ഇറങ്ങിയ, തോമസ് ടൂഹെല്‍ പരിശീലിപ്പിക്കുന്ന ഇംഗ്ലണ്ട് കളത്തില്‍ ശ്വാസംകിട്ടാതെ പിടഞ്ഞത് 68 മിനിറ്റ്.
വലത് വിംഗ് ബാക്കായ സ്പെന്‍സിന്റെ അശ്രദ്ധ മുതലാക്കിയ കോംഗോ ഇംഗ്ലീഷ് വലയില്‍ പന്ത് എത്തിച്ചു. റൗണ്ട് ഓഫ് 32ല്‍ ലോക നാലാം റാങ്കുകാരായ ഇംഗ്ലണ്ടിനെ 68 മിനിറ്റ് കോംഗോ 1-0നു പിന്നിലാക്കി നിര്‍ത്തി. ഫിഫ ലോക റാങ്കിംഗില്‍ 46-ാം സ്ഥാനക്കാരാണ് കോംഗോ എന്നതാണ് ശ്രദ്ധേയം.
മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ ഇംഗ്ലീഷ് ഡിഫെന്‍സിന്റെ കണ്ണുവെട്ടിച്ച് കോംഗോയുടെ ബ്രിയാന്‍ സിപെങ്ക ഗോള്‍ സ്വന്തമാക്കി. ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ ജോര്ഡന് പിക്ഫോഡിന്റെ നീട്ടിയ കരങ്ങള്‍ക്കും അപ്പുറത്തുകൂടി ആയിരുന്നു സിപെങ്കയുടെ ഫിനിഷിംഗ്. തുടര്‍ന്ന് ഇംഗ്ലീഷുകാരെ വിറപ്പിക്കുന്ന പ്രകടനമായിരുന്നു കോംഗോ താരങ്ങള്‍ ഒന്നടങ്കം നടത്തിയത്.
ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഗമിന്റെയും ഹാരി കെയ്ന്റെയുമെല്ലാം ഗോള്‍ എന്നുറച്ച ഹെഡറും ഷോട്ടുകളും കോംഗോ ഗോള്‍കീപ്പര്‍ ലിയോണല്‍ എംപാസിയും പ്രതിരോധവും ചേര്‍ന്നു തടഞ്ഞിട്ടു. ഗാലറിയില്‍ നിറഞ്ഞ 68,239 ആരാധകരില്‍ മഹാഭൂരിപക്ഷംവരുന്ന ഇംഗ്ലീഷുകാര്‍ നിശബ്ദമായി. മിനിറ്റുകള്‍ ഇഴഞ്ഞുനീങ്ങിയതോടെ ഇംഗ്ലണ്ട് വിറച്ചു.
ആ വിറമാറ്റിയത് 75-ാം മിനിറ്റില്‍ ഹാരി കെയ്ന്‍ നേടിയ ഗോളായിരുന്നു. കെയ്ന്റെ ഹെഡര്‍ കോംഗോ വലയില്‍. ഇംഗ്ലണ്ടിന്റെ ആശ്വാസം. 86-ാം മിനിറ്റില്‍ അസാധ്യ ആംഗിളില്‍നിന്നു തൊടുത്ത ബുള്ളറ്റ് ഷോട്ടില്‍ ഹാരി കെയ്ന്‍ ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചു. ഗോള്‍ പോസ്റ്റ് മനസില്‍കണ്ടുള്ള വോളിയായിരുന്നു ഹാരി കെയ്ന്‍ തൊടുത്തതെന്നതാണ് ശ്രദ്ധേയം.
ഫോണ്ടെയ്നൊപ്പം കെയ്ന്‍
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഹാരി കെയ്ന്റെ ഗോള്‍ സമ്പാദ്യം 13 ആയി. ഇതോടെ ബ്രസീല്‍ ഇതിഹാസം പെലെയെ മറികടന്നു. 12 ഗോളാണ് പെലെയ്ക്കുള്ളത്. ഫ്രാന്‍സിന്റെ ജസ്റ്റ് ഫോണ്ടെയ്നൊപ്പമാണ് കെയ്ന്‍. ഫിഫ ലോകകപ്പ് നോക്കൗട്ടില്‍ മാത്രം ഈ ഇംഗ്ലീഷ് സ്ട്രൈക്കര്‍ അഞ്ച് ഗോള്‍ നേടി എന്നതും ശ്രദ്ധേയം.
ആന്റണി ഗോര്‍ഡന്റെ വകയായിരുന്നു ഇംഗ്ലണ്ടിന്റെ രണ്ട് ഗോളിനുമുള്ള അസിസ്റ്റ്. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലെത്തിയശേഷം രണ്ട് ഗോളിന് അസിസ്റ്റ് നടത്തുന്ന ആദ്യ കളിക്കാരനാണ് ആന്റണി ഗോര്‍ഡന്‍.
ഫിഫ ലോകകപ്പിന്റെ രണ്ട് എഡിഷനില്‍ അഞ്ച് ഗോള്‍ വീതം നേടുന്ന ആറാമനാണ് ഹാരി കെയ്ന്‍. തിയോഫിലൊ കുബിയസ്, മിറോസ്ലാവ് ക്ലോസെ, തോമസ് മ്യുള്ളര്‍, ലയണല്‍ മെസി, കിലിയന്‍ എംബപ്പെ എന്നിവരാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍. കോംഗോയ്ക്ക് എതിരായ ഇരട്ടഗോളോടെ 2026 ലോകകപ്പില്‍ ഇംഗ്ലീഷ് താരത്തിന്റെ ഗോള്‍ സമ്പാദ്യം അഞ്ച് ആയി.
Sports
സിയാറ്റിൽ: ഫിഫ ലോകകപ്പിൽ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തി ബെൽജിയം പ്രീക്വാർട്ടറിൽ പ്രവേശിച്ചു. സിയാറ്റലിൽ നടന്ന ആവേശകരമായ മത്സരത്തിൽ സെനഗലിനെ 3-2 എന്ന സ്കോറിനാണ് ബെൽജിയം പരാജയപ്പെടുത്തിയത്. രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം അവിശ്വസനീയമാംവിധം തിരിച്ചടിച്ചാണ് ബെൽജിയം വിജയം പിടിച്ചെടുത്തത്.
ഹബീബ് ഡയറ, ഇസ്മായില സാർ എന്നിവരിലൂടെ രണ്ട് ഗോളുകൾ നേടി സെനഗൽ മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തിയിരുന്നു. തങ്ങൾ പ്രീക്വാർട്ടർ ഉറപ്പിച്ചു എന്ന് സെനഗലിന്റെ ആരാധകരും കളിക്കാരും കരുതിയ നിമിഷങ്ങളായിരുന്നു അത്. എന്നാൽ അധികം വൈകാതെ തന്നെ 2018 ലോകകപ്പിൽ ജപ്പാനെതിരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം 3-2ന് വിജയിച്ച ചരിത്രപരമായ നേട്ടം ബെൽജിയം സെനഗലിനെതിരെയും ആവർത്തിച്ചു.
രണ്ട് ഗോളുകൾ നേടി ടീമിന്റെ വിജയശില്പിയായി മാറിയത് യൂറി ടെലിമാൻസ് ആണ്. എക്സ്ട്രാ ടൈമിലേക്ക് നീണ്ട പോരാട്ടത്തിനൊടുവിൽ ബെൽജിയം നിർണായകമായ വിജയം സ്വന്തമാക്കി. ചൊവ്വാഴ്ച നടക്കുന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ അമേരിക്കയാണ് ബെൽജിയത്തിന്റെ എതിരാളികൾ.
Sports
ന്യൂയോർക്ക്: ഫിഫ ലോകകപ്പിൽ ബോസ്നിയ ഹെർസെഗോവിനയെ പരാജയപ്പെടുത്തി യുഎസ്എ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു അമേരിക്കയുടെ വിജയം. അവസാന നിമിഷം വരെ പൊരുതിയിട്ടും യുഎസ്എയുടെ പ്രതിരോധം ഭേദിക്കാൻ ബോസ്നിയയ്ക്ക് കഴിഞ്ഞില്ല. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 45-ാം മിനിറ്റിൽ ഫോളാരിൻ ബലോഗനിലൂടെയാണ് യുഎസ്എ മത്സരത്തിൽ ലീഡ് നേടിയത്.
രണ്ടാം പകുതി തുടങ്ങി നിമിഷങ്ങൾക്കകം തന്നെ ആദ്യ ഗോൾ നേടിയ ബലോഗന് റെഡ് കാർഡ് ലഭിച്ച് മൈതാനത്ത് നിന്ന് പുറത്തുപോകേണ്ടി വന്നു. ഇതോടെ പത്ത് പേരായി ചുരുങ്ങിയെങ്കിലും യുഎസ്എ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 82-ാം മിനിറ്റിൽ മാലിക് ടിൽമാൻ യുഎസ്എയ്ക്കായി രണ്ടാമത്തെ ഗോളും നേടി വിജയം ഉറപ്പിച്ചു.
അമേരിക്കയെ സമർദത്തിലാക്കാൻ ഒരു പരിധി വരെ ബോസ്നിയയ്ക്ക് കഴിഞ്ഞെങ്കിലും, ഒരു ഗോൾ പോലും തിരിച്ചടിക്കാൻ കഴിയാത്തത് ബോസ്നിയൻ ടീമിനും ആരാധകർക്കും കനത്ത നിരാശയാണ് സമ്മാനിച്ചത്. ഈ മിന്നും വിജയത്തോടെ അമേരിക്ക ടൂർണമെന്റന്റെ പ്രീക്വാർട്ടറിലേക്ക് തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു.
Sports
ഫിഫ 2026 ലോകകപ്പ് അതിന്റെ അപ്രതീക്ഷിത ട്വിസ്റ്റ് ആൻഡ് ടേണിലേക്കു കടന്നു. റൗണ്ട് ഓഫ് 32ൽ ജർമനിയെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ പരാഗ്വെ കീഴടക്കിയപ്പോൾ ഫുട്ബോൾ ലോകം അന്തംവിട്ടു.
നാലു തവണ ലോകകപ്പ് ഉയർത്തിയ, കായ് ഹവേർട്ട്സ്, യമാൽ മുസിയാല തുടങ്ങിയ വൻ താരങ്ങളുള്ള ജർമനിയെയാണ് പരാഗ്വെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3നു വീഴ്ത്തിയത്. 2014ൽ ലോക ചാന്പ്യന്മാരായശേഷം ജർമനി പ്രീക്വാർട്ടറിൽ പ്രവേശിച്ചിട്ടില്ലെന്ന ചരിത്രം ഇത്തവണയും ആവർത്തിച്ചു. നിശ്ചിത സമയത്തും അധികസമയത്തും 1-1 സമനില ആയതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ട് അരങ്ങേറിയത്. പരാഗ്വെയുടെ ഗോൾകീപ്പർ ഒർലാൻഡൊ ഗില്ലിന്റെ രണ്ട് ഉജ്വല സേവുകളാണ് ഷൂട്ടൗട്ടിൽ ജർമനിയുടെ പ്രതീക്ഷ തകർത്തതെന്നതും ശ്രദ്ധേയം.
2022 സെമി ഫൈനലിസ്റ്റുകളായ മൊറോക്കോ അവരുടെ ക്വാളിറ്റി ഇത്തവണയും വ്യക്തമാക്കി. ഓറഞ്ചീസ് എന്നറിയപ്പെടുന്ന നെതർലൻഡ്സിനെ റൗണ്ട് ഓഫ് 32ൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ (3-2) കീഴടക്കിയ അവർ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. നിശ്ചിത സമയത്തും അധികസമയത്തും 1-1 സമനിലയായിരുന്നു. ജപ്പാനെ ഇഞ്ചുറി ടൈം ഗോളിൽ 2-1നാണ് ബ്രസീൽ തോൽപ്പിച്ചത്. രണ്ടാം പകുതിയിലെ ബ്രസീലിന്റെ കളി അതിമനോഹരമായിരുന്നു എന്നതും ശ്രദ്ധേയം.
Sports
ഫിഫ 2026 ലോകകപ്പിലെ സഹ ആതിഥേയരായ കാനഡ പ്രീക്വാര്‍ട്ടറില്‍. ചരിത്രത്തില്‍ ആദ്യമായാണ് കാനഡ ലോകകപ്പ് ഫുട്ബോളിന്റെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്.
ദ റെഡ്സ് (ലെ റൂഷ്) എന്നറിയപ്പെടുന്ന കനേഡിയന്‍ ടീം റൗണ്ട് ഓഫ് 32ല്‍ ദക്ഷിണാഫ്രിക്കയെ മറുപടിയില്ലാത്ത ഒരു ഗോളിനു കീഴടക്കി അവസാന 16ല്‍ ഇടംപടിച്ചു. ഗോള്‍രഹിതമായ 90 മിനിറ്റിനുശേഷം സ്റ്റോപ്പേജ് ടൈമില്‍ (90+2) സ്റ്റീഫന്‍ യൂസ്റ്റാക്വിയോയാണ് കാനഡയുടെ കനവ് സഫലമാക്കിയ ഗോള്‍ സ്വന്തമാക്കിയത്.
എക്സ്ട്രാ ടൈമിലേക്കു നീണ്ടേക്കുമെന്നു തോന്നിപ്പിച്ച സമയത്തായിരുന്നു യൂസ്റ്റാക്വിയോയുടെ ഗോള്‍. നെതര്‍ലന്‍ഡ്സ്/മൊറോക്കോ മത്സര ജേതാക്കളാണ് പ്രീക്വാര്‍ട്ടറില്‍ കാനഡയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം ഇന്നു രാവിലെ 6.30നാണ് നെതര്‍ലന്‍ഡ്സ് x മൊറോക്കോ റൗണ്ട് ഓഫ് 32 പോരാട്ടം അരങ്ങേറുന്നത്.
കനേഡിയന്‍ ഹീറോസ്
ധീരോചിത പോരാട്ടത്തിനുശേഷം ചരിത്രനേട്ടത്തോടെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ച ടീം അംഗങ്ങളെ മൈതാത്തുവച്ച് കോച്ച് ജെസ്സെ മാര്‍ച്ച് അഭിസംബോധന ചെയ്തത് കനേഡിയന്‍ ഹീറോസ് എന്നായിരുന്നു. ‘നിങ്ങള്‍ കനേഡിയന്‍ ഹീറോസ് ആണ്! കനേഡിയന്‍ ഹീറോസ്' ജെസ്സെ മാര്‍ച്ച് പ്രഖ്യാപിച്ചു.
2026 ലോകകപ്പില്‍ കാനഡയുടെ ഗോള്‍നേട്ടം ഒമ്പത് ആയി. ഒരു ലോകകപ്പ് എഡിഷനില്‍ കോണ്‍കാകാഫ് മേഖലയില്‍നിന്നുള്ള ടീം നേടുന്ന ഏറ്റവും കൂടുതല്‍ ഗോളാണിത്.
1985, 2000 വര്‍ഷങ്ങളില്‍ കോണ്‍കാകാഫ് ഗോള്‍ഡ് കപ്പ് നേടിയതാണ് കാനഡയുടെ ഇതുവരെയുള്ള മികച്ച പ്രകടനം. വനിതാ വിഭാഗത്തില്‍ 2020 ടോക്കിയോ ഒളിമ്പിക്സ് സ്വര്‍ണം നേടിയിട്ടുണ്ട്.
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ സ്വന്തം നാടിനു പുറത്ത് നോക്കൗട്ട് കളിക്കുന്ന ആദ്യ ആതിഥേയ ടീമാണ് കാനഡ. ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായതോടെ കാനഡയുടെ റൗണ്ട് ഓഫ് 32 മത്സരം കലിഫോര്‍ണിയയിലെ സോഫി സ്റ്റേഡിയത്തിലായി. കാനഡയും അമേരിക്കയും മെക്സിക്കോയും സംയുക്തമായാണ് 2026 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
Sports
ന്യൂയോര്‍ക്ക്/ഫ്ളോറിഡ: ഫിഫ 2026 ലോകകപ്പ് ഫുട്ബോളില്‍ ഇന്നു സൂപ്പര്‍താരങ്ങളായ കിലിയന്‍ എംബപ്പെ, എര്‍ലിംഗ് ഹാലണ്ട്, കോഡി ഗാക്പോ, അച്റഫ് ഹക്കിമി തുടങ്ങിയവര്‍ കളത്തില്‍.
റൗണ്ട് ഓഫ് 32ല്‍ ഇന്ത്യന്‍ സമയം ഇന്നു രാവിലെ 6.30നു നടക്കുന്ന പോരാട്ടത്തില്‍ കോഡി ഗാക്പോയുടെ നെതര്‍ലന്‍ഡ്സും അച്റഫ് ഹക്കിമിയുടെ മൊറോക്കോയും കൊമ്പുകോര്‍ക്കും.
റൗണ്ട് ഓഫ് 32ലെ ഏറ്റവും കടുപ്പമേറിയ പോരാട്ടങ്ങളിലൊന്നായാണ് നെതര്‍ലന്‍ഡ്സ് x മൊറോക്കോ പോരാട്ടത്തെ വിശേഷിപ്പിക്കുന്നത്. 2022 ഫിഫ ലോകകപ്പില്‍ മൊറോക്കോ സെമിയില്‍ പ്രവേശിച്ചിരുന്നു.
ഫിഫ ലോകകപ്പില്‍ നെതര്‍ലന്‍ഡ്സും മൊറോക്കോയും നേര്‍ക്കുനേര്‍ വരുന്നത് ഇതു രണ്ടാം തവണ. 1994ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ നെതര്‍ലന്‍ഡ്സ് 2-1നു ജയിച്ചിരുന്നു.
ഫ്രാന്‍സ്, നോര്‍വെ
ഇന്നു രാത്രി 10.30ന് എര്‍ലിംഗ് ഹാലണ്ടിന്റെ നോര്‍വെ ഐവറികോസ്റ്റിന് എതിരേ ഇറങ്ങും. ഇരുടീമും തമ്മില്‍ ആദ്യമായാണ് നേര്‍ക്കുനേര്‍ ഇറങ്ങുന്നത്. ഗ്രൂപ്പ് ഐയില്‍ രണ്ടാം സ്ഥാനക്കാരായാണ് നോര്‍വെയുടെ നോക്കൗട്ട് പ്രവേശം. ഇ ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാരാണ് ഐവറികോസ്റ്റ്.
ബുധനാഴ്ച പുലര്‍ച്ചെ 2.30ന് നിലവിലെ ഫൈനലിസ്റ്റുകളായ ഫ്രാന്‍സ്, സ്വീഡനെ നേരിടും. കിലിയന്‍ എംബപ്പെ, ഉസ്മാന് ഡെംബെലെ എന്നിവര്‍ നയിക്കുന്ന ആക്രമണമാണ് ഫ്രാന്‍സിന്റെ മുഖമുദ്ര. 2020 യുവേഫ നേഷന്‍സ് ലീഗിലാണ് ഇരുടീമും അവസാനമായി നേര്‍ക്കുനേര്‍ ഇറങ്ങിയത്.
അന്ന് ഫ്രാന്‍സ് 4-2ന്റെ ജയം നേടിയിരുന്നു. ഇരുടീമും ഇതുവരെ 23 തവണ ഏറ്റുമുട്ടി. ഫ്രാന്‍സ് 12 ജയം നേടിയപ്പോള്‍ സ്വീഡന് ആറ് തവണ വെന്നിക്കൊടിപാറിച്ചു. അഞ്ച് മത്സരം സമനിലയില്‍ കലാശിച്ചു.
Sports
ലോസ് ആഞ്ചലസ്: 2026 ഫിഫ ലോകകപ്പിൽ ഫുട്ബോൾ പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച നാടകീയ മത്സരത്തിനൊടുവിൽ അൾജീരിയയ്ക്കും ഓസ്ട്രിയയ്ക്കും സമനില. നാലിനെതിരെ നാല് ഗോളുകൾ വീണ മത്സരത്തിൽ (അവസാന നിമിഷങ്ങളിൽ 3-3 എന്ന സ്കോറിൽ) ഇരുടീമുകളും സമനില പാലിച്ചതോടെ അൾജീരിയയും ഓസ്ട്രിയയും ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി. ഇതോടെ ഗ്രൂപ്പ് ജി-യിൽ മൂന്നാം സ്ഥാനത്തായിരുന്ന ഇറാന്റെ പ്രീ-ക്വാർട്ടർ പ്രതീക്ഷകൾ പൂർണമായും അവസാനിച്ചു. മത്സരഫലം പലരും പ്രവചിച്ചതാണെങ്കിലും, കളിയിലെ അപ്രതീക്ഷിത തിരിവുകളും വിചിത്രമായ ഗോളുകളുമാണ് കളി കടുത്ത ആവേശം നിറഞ്ഞതാക്കി മാറ്റിയത്.
Sports
ഡാലസ് (യുഎസ്എ): ഫിഫ ലോകകപ്പിൽ മറ്റൊരു തകർപ്പൻ റിക്കാർഡ് കൂടി സ്വന്തം പേരിൽ കുറിച്ച് സൂപ്പർ താരം ലയണൽ മെസ്സി. ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ജോർദാനെ പരാജയപ്പെടുത്തി അർജന്റീന ഗ്രൂപ്പ് ജേതാക്കളായി. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങി മെസ്സി നേടിയ ഫ്രീ കിക്ക് ഗോളാണ് മത്സരത്തിൽ അർജന്റീനയുടെ വിജയം ഉറപ്പാക്കിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ അൾജീരിയയും ഓസ്ട്രിയയും രണ്ട് ഗോളുകൾ വീതം (2-2) അടിച്ച് സമനിലയിൽ പിരിഞ്ഞു.
പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിച്ച് ഇറങ്ങിയ അർജന്റീനയ്ക്കായി ആദ്യ പകുതിയിൽ ജിയോവാനി ലോ സെൽസോ (19-ാം മിനിറ്റ്), ലൗട്ടാരോ മാർട്ടീനസ് (31-ാം മിനിറ്റ് - പെനാൽറ്റി) എന്നിവർ ഗോളുകൾ നേടിയിരുന്നു. എന്നാൽ 55-ാം മിനിറ്റിൽ മൂസ അൽ-തമാരിയിലൂടെ ഒരു ഗോൾ മടക്കി ജോർദാൻ കളിയിലേക്ക് ശക്തമായി തിരിച്ചുവന്നു. തുടർന്നാണ് കളി തിരിക്കാൻ മുപ്പത്തിയൊൻപതുകാരനായ ലയണൽ മെസ്സി മൈതാനത്തേക്ക് എത്തിയത്. മത്സരത്തിന്റെ 80-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്ന് ലഭിച്ച ഫ്രീ കിക്ക് മനോഹരമായൊരു ഗോളാക്കി മാറ്റി മെസ്സി അർജന്റീനയ്ക്ക് 3-1 ന്റെ ലീഡ് സമ്മാനിച്ചു.
ഈ ടൂർണമെന്റിലെ മെസ്സിയുടെ ആറാമത്തെ ഗോളായിരുന്നു ഇത്. ഇതോടെ ടൂർണമെന്റിലെ ടോപ്പ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മെസ്സി ഒന്നാമതെത്തി. ഈ ഗോളോടെ ലോകകപ്പിന്റെ ചരിത്രത്തിൽ തുടർച്ചയായി ഏഴ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ കളിക്കാരൻ എന്ന അതുല്യമായ റെക്കോർഡും ലയണൽ മെസ്സി സ്വന്തമാക്കി. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് ഒൻപത് പോയിന്റോടെയാണ് അർജന്റീന പ്രീ-ക്വാർട്ടറിലേക്ക് പ്രവേശിച്ചത്.
Sports
ടെക്സസ്: ഫിഫ ലോകകപ്പ് ചരിത്രത്തിലെ കൊമ്പന് സ്രാവുകളായി കേപ് വെര്‍ദെ. നീല സ്രാവുകള്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന കേപ് വെര്‍ദെ, ഫിഫ 2026 ലോകകപ്പ് നോക്കൗട്ടില്‍ പ്രവേശിച്ച് ചരിത്രം കുറിച്ചു. ലോകകപ്പ് നോക്കൗട്ടില്‍ പ്രവേശിക്കുന്ന ജനസംഖ്യാടിസ്ഥാനത്തിലെ ഏറ്റവും കുഞ്ഞന്‍ രാജ്യമെന്ന റിക്കാര്‍ഡാണ് കേപ് വെര്‍ദെക്കാര്‍ കുറിച്ചത്. 5,25,000 ജനങ്ങള്‍ മാത്രമേ ഇവിടുള്ളൂ.
ഗ്രൂപ്പ് എച്ചില് തങ്ങളുടെ അവസാന മത്സരത്തില്‍ സൗദി അറേബ്യയുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതോടെയാണ് അരങ്ങേറ്റ എഡിഷനില്ത്തന്നെ കേപ് വെര്‍ദെ റൗണ്ട് ഓഫ് 32 ടിക്കറ്റ് കരസ്ഥമാക്കിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്പെയിന് 1-0ന് ഉറുഗ്വെയെ കീഴടക്കിയതും കേപ് വെര്‍ദെയുടെ നോക്കൗട്ട് മുന്നേറ്റത്തിന് ഊര്‍ജം പകര്‍ന്നു.
ഗ്രൂപ്പ് എച്ചില് സ്പെയിനിനെയും (0-0) ഉറുഗ്വെയെയും (2-2) സമനിലയില്‍ തളച്ചതിന്റെ വമ്പുമായാണ് സൗദിക്ക് എതിരായ അവസാന മത്സരത്തില്‍ കേപ് വെര്‍ദെ ഇറങ്ങിയത്. ഗ്രൂപ്പിലെ മൂന്നാം മത്സരത്തിലും സമനിലയോടെ നീല സ്രാവുകള്‍ നോക്കൗട്ടിലേക്ക് ഊളിയിട്ടു. നിലവിലെ ചാമ്പ്യന്മാരായ ലയണല്‍ മെസിയുടെ അര്‍ജന്റീനയാണ് റൗണ്ട് ഓഫ് 32ല്‍ കേപ് വെര്‍ദെയുടെ എതിരാളികള്‍.
ഉറുഗ്വെ x സ്പെയിന് കളി കണ്ടു
മൂന്നു സമനിലയിലൂടെ ലഭിച്ച മൂന്നു പോയിന്റുമായാണ് കേപ് വെര്‍ദെ റൗണ്ട് ഓഫ് 32ല്‍ പ്രവേശിച്ചത്. സ്പെയിനിനോട് 1-0നു പരാജയപ്പെട്ടതോടെ ഉറുഗ്വെ പുറത്തായി. രണ്ടു സമനിലയിലൂടെ രണ്ട് പോയിന്റ് മാത്രമേ, രണ്ടു തവണ ലോകകപ്പ് ജേതാക്കളായ ഉറുഗ്വെയ്ക്കു നേടാന്‍ സാധിച്ചുള്ളൂ.
സൗദി അറേബ്യയുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ കേപ് വെര്‍ദെ കളിക്കാര്‍, മത്സരശേഷം മൈതാനത്തു വട്ടംകൂടിയിരുന്ന് മൊബൈലില്‍ സ്പെയിന് x ഉറുഗ്വെ മത്സരം കണ്ടതും ശ്രദ്ധേയമായി. ഉറുഗ്വെ സമനിലയോ ജയമോ നേടിയിരുന്നെങ്കില്‍ കേപ് വെര്‍ദെ ടീമിനു നാട്ടിലേക്കു മടങ്ങേണ്ടിവരുമായിരുന്നു. ഉറുഗ്വെ പരാജയപ്പെട്ടതോടെ കേപ് വെര്‍ദെക്കാര്‍ മൈതാനത്ത് ആനന്ദനൃത്തമാടി.
മൂന്നു സമനില
1998 ലോകകപ്പിനുശേഷം ഇതാദ്യമായാണ് ഒരു ടീം മൂന്നു സമനിലയോടെ നോക്കൗട്ടിലേക്കു പ്രവേശിക്കുന്നത്. അന്ന് മൂന്നു സമനിലയോടെ നോക്കൗട്ടില്‍ പ്രവേശിച്ച ടീം ചിലിയായിരുന്നു. ഗ്രൂപ്പ് എച്ചില് ഏഴ് പോയിന്റ് നേടിയ സ്പെയിനിനു പിന്നില്‍ മൂന്നു പോയിന്റുമായി രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്താണ് കേപ് വെര്‍ദെ നോക്കൗട്ട് ഉറപ്പിച്ചത്.
ആഫ്രിക്കന്‍ മേഖലാ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ഡി ചാമ്പ്യന്മാരായാണ് കേപ് വെര്‍ദെ 2026 ലോകകപ്പ് ടിക്കറ്റ് കരസ്ഥമാക്കിയത്. കാമറൂണിനെ പിന്തള്ളിയായിരുന്നു കേപ് വെര്‍ദെയുടെ ഒന്നാം സ്ഥാനത്തെ ഫിനിഷിംഗ്.
Sports
ന്യൂജഴ്സി: "പ്ലാത ഒ പ്ലോമോ'; സ്പാനിഷില്‍ വെള്ളി അല്ലെങ്കില്‍ ഈയം... കൊളംബിയന്‍ ഡ്രഗ് ലോഡ് പാബ്ലോ എസ്കോബാറിന്റെ ഭീഷണിയുടെ സ്വരമായും ‘പ്ലാത ഒ പ്ലോമോ’ അറിയപ്പെടുന്നു. ഫിഫ 2026 ലോകകപ്പ് ഫുട്ബോളില്‍ ഇത്തരമൊരു ലാറ്റിനമേരിക്കൻ ഭീഷണിയും വധവും നടന്നു.
ഗ്രൂപ്പ് ഇയില്‍ ഇക്വഡോര്‍ 2-1ന് യൂറോപ്യന്‍ കരുത്തരായ ജര്‍മനിയെ വീഴ്ത്തി. സ്പാനിഷ് സംസാരിക്കുന്ന ഇക്വഡോറുകാരുടെ ജീവിതത്തിലെ ഏറ്റവും വലിയ ലോകകപ്പ് ജയമായി മാറിയ ഈ അട്ടിമറിയില്‍, ടീമിന്റെ വിജയം കുറിച്ച ഗോള്‍ നേടിയത് പ്ലാത, ഗോണ്‍സാലൊ പ്ലാത!
അതെ, മാനുവല്‍ നോയര്‍ അടക്കം അണിനിരന്ന ജര്‍മനിയുടെ വമ്പിനു മുന്നില്‍ ഇക്വഡോറിന്റെ രാജകീയ ജയം. ജര്‍മന്‍ ആരാധകരുടെ ആര്‍ത്തലച്ച നാവുകളെ നിശബ്ദമാക്കി ഇക്വഡോര്‍ വെള്ളിയും ഈയവും ഉരുക്കിയൊഴിച്ചു...
പൊള്ളലേറ്റെങ്കിലും ജര്‍മനിയുടെ ഗ്രൂപ്പ് ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടിയില്ല. ഗ്രൂപ്പിലെ ആദ്യമത്സരത്തില്‍ 7-1നു കുഞ്ഞന്മാരായ കുറസാവോയെയും രണ്ടാം മത്സരത്തില്‍ 2-1ന് ഐവറികോസ്റ്റിനെയും കീഴടക്കിയ ജര്‍മനി ഗോള്‍വ്യത്യാസത്തിന്റെ ബലത്തില്‍ ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തു. മൂന്നു മത്സരങ്ങളില്‍നിന്ന് ആറ് പോയിന്റുള്ള ഐവറികോസ്റ്റാണ് ഗ്രൂപ്പ് ഇയില്‍ രണ്ടാം സ്ഥാനക്കാര്‍. മൂന്നു മത്സരങ്ങളില്‍നിന്ന് നാലു പോയിന്റുമായി ഇക്വഡോറും നോക്കൗട്ടിലേക്ക് മുന്നേറി. മികച്ച മൂന്നാം സ്ഥാനക്കാരില്‍ ഉള്‍പ്പെട്ടാണ് ഇക്വഡോറിന്റെ റൗണ്ട് ഓഫ് 32 പ്രവേശം.
സൂപ്പര്‍ ലെറോയ്
കിക്കോഫിനുശേഷം ക്ലോക്കില്‍ രണ്ടു മിനിറ്റ് തികയുന്നതിനു മുമ്പുതന്നെ ജര്‍മനി ലീഡ് സ്വന്തമാക്കി. ഒരു മിനിറ്റ് 49 സെക്കന്‍ഡില്‍ ലെറോയ് സനെ ഇക്വഡോറിന്റെ വലയില്‍ പന്ത് നിക്ഷേപിച്ചു. ത്രോബോള്‍ ബോക്സിനുള്ളില്വച്ചു സ്വീകരിച്ചശേഷം അലക്സാണ്ടര്‍ പാവ്ലോവിച്ച് പന്ത് ഫ്ളോറിയന്‍ വിര്റ്റ്സിനു മറിച്ചു. വിര്‍റ്റ്സ് നല്കിയ പാസില്‍ ലെറോയ് സനെയുടെ ഇടംകാല് ഷോട്ട്. പന്ത് വലയില്‍.
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ജര്‍മനിയുടെ എക്കാലത്തെയും വേഗമേറിയ രണ്ടാമത്തെ ഗോളാണിത്. 1934ല്‍ ഏണസ്റ്റ് ലാഹ് നെര് ആദ്യമിനിറ്റില്‍ നേടിയഗോളാണ് ഒന്നാം സ്ഥാനത്ത്.
ശക്തമായ മറുപടി
രണ്ടു മിനിറ്റിനുള്ളില്‍ ഗോള്‍ വഴങ്ങിയെങ്കിലും ഇക്വഡോര്‍ തളര്‍ന്നില്ല. ഒമ്പതാം മിനിറ്റില്‍ മറുപടിയെത്തി. അതാകട്ടെ ലോകകപ്പിലെതന്നെ ഉജ്വലമെന്നു വിശേഷിപ്പിക്കാവുന്ന ഗോള്‍. പെദ്രൊ വിറ്റ് നല്കിയ പാസില്‍ കൊളംബിയയുടെ നെല്‍സണ്‍ അംഗൂളൊയുടെ മുന്നേറ്റം. ഡി സര്‍ക്കിളിനു പുറത്തുവച്ച്, ഓടിയെത്തിയ പാവ്ലോവിച്ചിന്റെ കാലുകള്‍ക്ക് ഇടയിലൂടെ അംഗൂളോയുടെ ഷോട്ട് വലകുലുക്കി; 1-1. തുടര്‍ന്ന് ഇരുടീമും റൈഡ് നടത്തിയെങ്കിലും ഫലമുണ്ടായില്ല. ജര്‍മന്‍ ആക്രമണം ഇക്വഡോര്‍ ചെറുത്തുനിന്നു.
എന്നാല്‍, 77-ാം മിനിറ്റില്‍ ഗോണ്‍സാലൊ പ്ലാത ഇക്വഡോറിന്റെ ചരിത്ര പുരുഷനായി. കോര്‍ണറിനുശേഷം കെവിന് റോഡ്രിഗസ് ഫ്ളിക്ക് ചെയ്ത പന്ത് കൃത്യമായി ലഭിച്ചത് പ്ലാതയുടെ കാലിലേക്ക്. ജര്‍മന്‍ ഗോള്‍കീപ്പര്‍ മാനുവല്‍ നോയറിനു റിയാക്ട് ചെയ്യാന്‍ സാധിക്കുന്നതിനു മുമ്പ് പ്ലാതയുടെ ഷോട്ട് വലയില്‍. പിന്നീട് ഗോള്‍ പിറക്കാതിരുന്നതോടെ ഇക്വഡോറിന് 2-1ന്റെ ജയം.
02
ഫിഫ ലോകകപ്പ് നോക്കൗട്ടില്‍ ഇക്വഡോര്‍ പ്രവേശിക്കുന്നത് ഇതു രണ്ടാം തവണ. 2006ല്‍ ആയിരുന്നു ഇതിനു മുമ്പ് ഇക്വഡോര്‍ ലോകകപ്പ് നോക്കൗട്ടില്‍ പ്രവേശിച്ചത്. അന്ന് പ്രീക്വാര്‍ട്ടറില്‍ ഡേവിഡ് ബെക്കാമിന്റെ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് പുറത്തായി.
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഒരുഗോളിനു പിന്നിട്ടു നിന്നശേഷം ഇക്വഡോര്‍ ജയം സ്വന്തമാക്കുന്നത് ചരിത്രത്തില്‍ ഇതു രണ്ടാം തവണ. 2014 ലോകകപ്പില്‍ ഹോണ്ടുറാസിന് എതിരേയായിരുന്നു മുമ്പ് പിന്നില്‍ നിന്നശേഷം ഇക്വഡോറിന്റെ ജയം.
13
യൂറോപ്യന്‍ ടീമിനെതിരേ ഇക്വഡോര്‍ ജയം നേടുന്നത് 13 വര്‍ഷത്തിനുശേഷം. 2013ല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ (3-2) കീഴടക്കിയതായിരുന്നു ഇക്വഡോറിന്റെ ഇതിനു മുമ്പത്തെ ജയം.
Sports
ന്യൂജഴ്സി: ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരത്തില്‍ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇറങ്ങിയ ജര്‍മന്‍ താരമെന്ന നേട്ടത്തിനൊപ്പം ഗോള്‍കീപ്പര്‍ മാനുവല്‍ നോയര്‍.
ഇക്വഡോറിന് എതിരായ ഗ്രൂപ്പ് പോരാട്ടം നോയറിന്റെ 22-ാം ലോകകപ്പ് സ്റ്റാര്‍ട്ടിംഗ് ആയിരുന്നു. ലോഥര്‍ മത്തേവൂസ്, മിറോസ്ലാവ് ക്ലോസെ എന്നിവരുടെ റിക്കാര്ഡിനൊപ്പവും നോയര്‍ ഇതോടെ എത്തി.
Sports
ഫിലാഡല്‍ഫിയ: ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി ഐവറികോസ്റ്റ് നോക്കൗട്ടില്‍. ഗ്രൂപ്പ് ഇയിലെ നിര്‍ണായക മത്സരത്തില്‍ കന്നിക്കാരായ കുറസാവൊയെ മറുപടിയില്ലാത്ത രണ്ടു ഗോളിനു കീഴടക്കിയാണ് ഐവറികോസ്റ്റ് 2026 ലോകകപ്പിന്റെ നോക്കൗട്ട് ടിക്കറ്റ് കരസ്ഥമാക്കിയത്.
ഇംഗ്ലീഷ് ക്ലബ് ആഴ്സണല്‍ എഫ്സിയുടെ 2019ല്‍ 72 മില്യണ്‍ പൗണ്ടിന് (ഏകദേശം 899 കോടി രൂപ) സ്വന്തമാക്കിയ നിക്കോളാസ് പെപ്പെയുടെ ഇരട്ടഗോളിലായിരുന്നു ഐവറികോസ്റ്റിന്റെ ജയം.
ഗ്രൂപ്പ് ഇയില്‍ മൂന്നു മത്സരങ്ങളില്‍നിന്ന് രണ്ട് ജയത്തോടെ ആറ് പോയിന്റ് ഐവറികോസ്റ്റ് സ്വന്തമാക്കി. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ജര്‍മനിക്കും ഇത്രയും പോയിന്റാണ്. എന്നാല്‍, ഗോള്‍ ശരാശരിയില്‍ ജര്‍മനിക്കാണ് മുന്‍തൂക്കം.
ഡബിള്‍ പെപ്പെ
കിക്കോഫിനുശേഷം ഏഴാം മിനിറ്റില്‍ നിക്കോളാസ് പെപ്പെ ആദ്യഗോള്‍ നേടി. ഇടതുവശത്തുനിന്ന് യാന്‍ ഡിയൊമാന്ഡെ കട്ട് ചെയ്തു നല്കിയ പന്തില്‍നിന്നായിരുന്നു പെപ്പെയുടെ ഗോള്‍നേട്ടം. നിലവില്‍ സ്പാനിഷ് ക്ലബ് വിയ്യാറയലിനുവേണ്ടി കളിക്കുന്ന പെപ്പെ, 64-ാം മിനിറ്റില്‍ രണ്ടാമതും വല കുലുക്കി. ഇബ്രാഹിം സന്ഗരെയുടെ അസിസ്റ്റിലായിരുന്നു ഗോള്‍.
ഫിഫ ലോകകപ്പില്‍ ഐവറികോസ്റ്റിനുവേണ്ടി ഇരട്ടഗോള്‍ നേടുന്ന രണ്ടാമതു താരമാണ് നിക്കോളാസ് പെപ്പെ. 2006ല്‍ സെര്‍ബിയ ആന്‍ഡ് മോണ്ടിനെഗ്രോയ്ക്ക് എതിരേ അരൗന ഡിഡാനെ ആയിരുന്നു ആദ്യമായി ഇരട്ടഗോള്‍ സ്വന്തമാക്കിയത്. മാത്രമല്ല, റോജര്‍ മില്ലയ്ക്കുശേഷം ലോകകപ്പില്‍ ഇരട്ടഗോള്‍ നേടുന്ന ഏറ്റവും പ്രയമുള്ള രണ്ടാമത് ആഫ്രിക്കന്‍ താരമാണ് 31 വര്‍ഷവും 27 ദിനവും വയസുള്ള പെപ്പെ.
Sports
മിസൂറി: ഫിഫ 2026 ലോകകപ്പ് ഗ്രൂപ്പ് എഫ് ചാമ്പ്യന്മാരായി നെതര്‍ലന്‍ഡ്സ്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ 3-1നു ടുണീഷ്യയെ കീഴടക്കിയാണ് നെതര്‍ലന്‍ഡ്സ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്; ഗലറിയില്‍ നിറഞ്ഞ ഓറഞ്ചു കൂട്ടത്തിനു സന്തോഷദിനം.
മൂന്നു മത്സരങ്ങളില്‍നിന്ന് രണ്ട് ജയവും ഒരു സമനിലയും ഉള്‍പ്പെടെ ഏഴ് പോയിന്റാണ് ഓറഞ്ചീസിന്. അഞ്ച് പോയിന്റുമായി ജപ്പാനും നാല് പോയിന്റുമായി സ്വീഡനും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത് ഗ്രൂപ്പില്‍നിന്ന് നോക്കൗട്ടിലേക്കു മുന്നേറി. നോക്കൗട്ടില്‍ മൊറോക്കോയാണ് നെതര്‍ലന്‍ഡ്സിന്റെ എതിരാളികള്‍.
ബ്രോബി ബ്രോ
മൂന്നാം മിനിറ്റില്‍ എല്ലിസ് ഷെഹ്റിയുടെ സെല്‍ഫ് ഗോളില്‍ ടുണീഷ്യന്‍ വല കുലുങ്ങി. നെതര്‍ലന്‍ഡ്സ് ആക്രമണം തടയാനുള്ള ശ്രമത്തിനിടെയായിരുന്നു ഇത്. മലെനും ഡെന്‍സില്‍ ഡെംഫ്രിസും ചേര്‍ന്നു നടത്തിയ ആക്രമണത്തിലൂടെയായിരുന്നു ഗോളിന്റെ പിറവി.
ഏഴാം മിനിറ്റില്‍ ബ്രയാന്‍ ബ്രോബി നെതര്‍ലന്‍ഡ്സിന്റെ ലീഡ് ഉയര്‍ത്തി. കോര്‍ണര്‍ കിക്കിനുശേഷം ലഭിച്ച പന്തില്‍നിന്നായിരുന്നു ബ്രോബിയുടെ ഗോള്‍. വിര്‍ജില്‍ വാന്‍ഡിക്കിന്റെ ഹെഡറിനുശേഷം ലഭിച്ച പന്ത് ബ്രോബി വലയിലാക്കുകയായിരുന്നു. മത്സരത്തില്‍ ബ്രോബിയുടെ ആദ്യഷോട്ടായിരുന്നു എന്നതും ശ്രദ്ധേയം.
എന്നാല്‍, 54-ാം മിനിറ്റില്‍ ടുണീഷ്യ തിരിച്ചടിച്ചു. ഹസെം മസ്തൂറിയായിരുന്നു ഗോള്‍ നേടിയത്. 62-ാം മിനിറ്റില്‍ ഓറഞ്ചീസിന്റെ ജയം ഉറപ്പിച്ച് യാന്‍ പോള്‍ വാന്‍ ഹെക്കെയുടെ ഹോഡര്‍ ഗോള്‍. ലെഫ്റ്റ് വിംഗ് കോര്‍ണര്‍ കിക്കില്‍നിന്നായിരുന്നു ഗോളിന്റെ പിറവി.
ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിന്റെ 10-ാം നോക്കൗട്ട് പ്രവേശമാണ്. ലോകകപ്പില്‍ പങ്കെടുത്ത എല്ലാ എഡിഷനിലും ഓറഞ്ചീസ് നോക്കൗട്ടിലെത്തിയെന്നതാണ് ശ്രദ്ധേയം. 1994ല്‍ ആണ് നെതര്‍ലന്‍ഡ്സ് അവസാനമായി ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി വഴങ്ങുന്നത്.
03
ബ്രയാന്‍ ബ്രോബി ഈ ലോകകപ്പില്‍ എടുത്ത ആദ്യ മൂന്നു ഷോട്ടും ഗോളായി. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളിലും ബ്രോബി ഗോള്‍ സ്വന്തമാക്കിയപ്പോഴാണ് ഈ അപൂര്‍വത. 1982ല്‍ ഹംഗറിയുടെ ലാസ്ലോ കിസ്, 2018ല്‍ കൊളംബിയയുടെ യെറി മിന എന്നിവരാണ് ലോകകപ്പ് ചരിത്രത്തില്‍ ഇതിനു മുമ്പ് ആദ്യ മൂന്നു ഷോട്ടും ഗോളാക്കിയവര്.
Sports
ഇംഗല്‍വുഡ്: ഫിഫ 2026 ലോകകപ്പ് ഗ്രൂപ്പ് ഡിയില്‍ ആതിഥേയരായ അമേരിക്കയെ ഞെട്ടിച്ച് തുര്‍ക്കി പട. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ തുര്‍ക്കി 3-2ന് അമേരിക്കയെ വീഴ്ത്തി. ആദ്യരണ്ടു മത്സരങ്ങളിലും ജയിച്ച് അമേരിക്ക നേരത്തേ നോക്കൗട്ട് ഉറപ്പാക്കിയിരുന്നു.
മൂന്നാം മിനിറ്റില്‍ ആന്റണി ട്രസ്റ്റിയിലൂടെ മുന്നിലെത്തിയ അമേരിക്കയെ 10-ാം മിനിറ്റില്‍ ആര്‍ദ ഗുലറിലൂടെ തുര്‍ക്കി സമനിലയില്‍ പിടിച്ചു. തുടര്‍ന്ന് 31-ാം മിനിറ്റില്‍ അല്പര് യില്‍മാസിലൂടെ തുര്‍ക്ക് ലീഡില്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ അമേരിക്ക സമനില നേടി. സെബാസ്റ്റ്യന്‍ ബെല്ഹാര്ട്ടറായിരുന്നു (49-ാം മിനിറ്റ്) അമേരിക്കയുടെ രണ്ടാം ഗോളിനുടമ.
കാന്‍ അയ്ഹാനായിരുന്നു (90+8-ാം മിനിറ്റ്) തുര്‍ക്കിപ്പടയുടെ ജയം കുറിച്ച ഗോള്‍ സ്വന്തമാക്കിയത്.
പരാഗ്വെ 0-0 ഓസ്ട്രേലിയ
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ പരാഗ്വെയും ഓസ്ട്രേലിയയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഇതോടെ ഇരുടീമിനും നാല് പോയിന്റ് വീതമായി. എന്നാല്‍, ഗോള്‍വ്യത്യാസത്തിന്റെ മുന്‍തൂക്കത്തില്‍ ഓസ്ട്രേലിയ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് റൗണ്ട് ഓഫ് 32 ടിക്കറ്റ് നേരിട്ടു സ്വന്തമാക്കി.
Sports
മിയാമി: എന്നാലും വന്നില്ലല്ലോ അന്യഗ്രഹജീവികൾ! സമൂഹമാധ്യമങ്ങളിൽ "പ്രവചനത്തള്ള്' നടത്തി താരമായി മാറിയ ബ്രസീലിയൻ യുവതി ഏറ്റവും ഒടുവിലായി നടത്തിയ പ്രവചനങ്ങളിലൊന്ന്, ഫിഫ ലോകകപ്പ് ബ്രസീൽ-സ്കോട്ട്ലൻഡ് മത്സരത്തിനിടെ അന്യഗ്രഹ ജീവികൾ ഭൂമിയിലേക്കു വരുമെന്നായിരുന്നു. സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള വോ ബഹിയാന എന്ന യുവതിയാണ് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച പ്രവചനം നടത്തിയത്. എന്നാൽ, ഇങ്ങനെയൊക്കെ പ്രവചിക്കാമോ എന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്. മത്സരം കഴിഞ്ഞു, കാണികളും പോയി... എന്നിട്ടും അന്യഗ്രഹജീവികൾ വന്നില്ല..!
NRI
ഡാളസ്: ഫിഫ ലോകകപ്പ് മത്സരത്തിനിടെ ഡാളസ് സ്റ്റേഡിയത്തിന് മുകളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയ ഹോണ്ടുറാസ് സ്വദേശിയായ ലൂയിസ് മൗറിസിയോ ഫ്ലോറസ് ഓർഡോണസ് (33) എന്നയാൾക്കെതിരെ യുഎസ് ഫെഡറൽ അധികൃതർ കേസെടുത്തു.
വിലക്കുള്ള വ്യോമമേഖലയിൽ രജിസ്റ്റർ ചെയ്യാത്ത ഡ്രോൺ പറത്തിയതിനാണ് നടപടി. കുറ്റം തെളിഞ്ഞാൽ ഇയാൾക്ക് മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാം.
എഫ്ബിഐയുടെ ഡ്രോൺ വിരുദ്ധ നിരീക്ഷണ സംവിധാനമാണ് നിയമലംഘനം കണ്ടെത്തിയത്. ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങൾക്കിടെ മാത്രം ഇരുപതിലധികം അനധികൃത ഡ്രോണുകൾ അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. മത്സരത്തിന് മൂന്ന് മണിക്കൂർ മുമ്പ് മുതൽ മത്സരം കഴിഞ്ഞ് മൂന്ന് മണിക്കൂർ വരെ സ്റ്റേഡിയങ്ങൾക്ക് മുകളിൽ കടുത്ത വിമാനവിലക്ക് (No-Fly Zone) ഏർപ്പെടുത്തിയിട്ടുണ്ടെന്നും നിയമലംഘകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി.
Sports
ഫിഫ 22026 ലോകകപ്പ് നോക്കൗട്ടിന്റെ തീവ്രതയിലേക്കു കടക്കാനൊരുങ്ങുന്നതോടെ കാല്പന്ത് ആരാധകരുടെ മുന്നിലേക്ക് നെക്സ്റ്റ് ലെവല്‍ പോരാട്ടവുമായി ദീപിക എത്തുന്നു. ഇതാദ്യമായി ലോകകപ്പ് പശ്ചാത്തലത്തിലുള്ള റീല്‍സ് മത്സരത്തിനു വേദിയൊരുക്കുകയാണ് ദീപിക.
നിങ്ങളുടെ കണ്മുന്നിലെ കാല്പന്ത് ആവേശം എന്തുമാകട്ടെ, റീല്‍സാക്കി ദീപികയിലേക്ക് അയയ്ക്കൂ...സമ്മാനങ്ങള്‍ നേടൂ...
കളിമൈതാനങ്ങളിലെ ആവേശം, തകര്‍പ്പന്‍ ഗോളുകള്‍, ഡ്രിബ്ലിംഗുകള്‍, ആരാധകരുടെ അത്യപൂര്‍വ നിമിഷങ്ങള്‍ അങ്ങനെ എന്തും കാമറയില്‍ പകര്‍ത്തി ഞങ്ങള്‍ക്ക് അയയ്ക്കാം.
തെരഞ്ഞെടുക്കപ്പെടുന്ന മികച്ച വീഡിയോകള്‍ ‘ദീപിക’യുടെ ഔദ്യോഗിക ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളില്‍ പ്രസിദ്ധീകരിക്കും.
സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകളും വ്യൂസും നേടുന്ന വീഡിയോകള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍. ഒന്നാം സമ്മാനം: ലാപ്ടോപ്പ്, രണ്ടാം സമ്മാനം: ടാബ്, മൂന്നാം സമ്മാനം: സ്മാർട്ട്ഫോൺ. കൂടാതെ പ്രോത്സാഹന സമ്മാനങ്ങളുമുണ്ടാകും.
മത്സര നിബന്ധനകള്‍:
ദൈര്‍ഘ്യം: പരമാവധി രണ്ടു മിനിറ്റ് (9:16 ഫോര്‍മാറ്റ്).
വിഷയം: നിങ്ങളുടെ പ്രദേശവുമായി ബന്ധപ്പെട്ട ഏത് ഫുട്ബോള്‍ ദൃശ്യങ്ങളും ആകാം.
മൗലികത: വീഡിയോകള്‍ സ്വന്തമായി ചിത്രീകരിച്ചതായിരിക്കണം (വാട്ടര്‍മാര്‍ക്കുകള്‍ പാടില്ല).
വീഡിയോകള്‍ക്കൊപ്പം മത്സരാര്‍ഥിയുടെ പേര്, സ്ഥലം, വാട്സാപ്പ് നമ്പര്‍, ഇന്‍സ്റ്റഗ്രാം ഐഡി എന്നിവ നിര്‍ബന്ധമായും നല്‍കണം.
ദീപികയിലെ ജീവനക്കാരും കുടുംബാംഗങ്ങളും മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹരല്ല.
വിധിനിര്‍ണയത്തിലെ അന്തിമതീരുമാനം ദീപിക മാനേജ്മെന്റിന്റേതാണ്.
വീഡിയോകള്‍ അയയ്ക്കേണ്ട വിലാസം:
വാട്സാപ്പ് നമ്പര്‍: 9778076252
ഇമെയില്‍: [email protected]
അവസാന തീയതി: 2026 ജൂലൈ 18, ശനി.
വരൂ, നിങ്ങളുടെ നാട്ടിലെ ഫുട്ബോള്‍ ആവേശം ദീപികയിലൂടെ ലോകത്തിനു മുന്നില്‍ എത്തിക്കൂ!
Sports
ഡാളസ്/പെൻസിൽവനിയ: ഫിഫ ലോകകപ്പ് ഫുട്ബോൾ ജ്വരമൂർച്ഛയിൽ വിറച്ചുതുള്ളുന്പോൾ സൂപ്പർ താരങ്ങൾ ആവേശത്തീമഴയായി ആരാധകരിൽ പെയ്തിറങ്ങുകയാണ്.
സാക്ഷാൽ ലയണൽ മെസി ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനായപ്പോൾ കിലിയൻ എംബപ്പെ തൊട്ടുപിറകിൽ കുതിച്ചെത്തുന്നു. സെനഗലിനെ വീഴ്ത്താൻ നോർവീജിയൻ സൂപ്പർതാരം എർലിംഗ് ഹാലണ്ട് രണ്ടുതവണ ലക്ഷ്യം കണ്ടു.
ഉസ്ബക്കിസ്ഥാന് എതിരേ പോർച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയും വല കുലുക്കിയതോടെ ഈ ലോകകപ്പ് സൂപ്പർതാരങ്ങളുടേതുതന്നെ എന്നുറപ്പാക്കി.
ഓസ്ട്രിയയ്ക്കെതിരേ നേടിയ രണ്ടു ഗോളാണ് അർജന്റൈൻ ഇതിഹാസം മെസിയെ ഗോൾവേട്ടക്കാരുടെ മുന്നിലെത്തിച്ചത്. ആകെ 18 ഗോൾ.
ഇറാക്കിനെ 3-0ന് കീഴടക്കിയ ഫ്രാൻസിന്റെ രണ്ടു ഗോളും എംബപ്പെയുടെ വകയായിരുന്നു. അതോടെ ലോകകപ്പിൽ 16 ഗോളോടെ മിറോസ്ലാവ് ക്ലോസെയ്ക്ക് ഒപ്പമായി.
കപ്പ് ചരിത്രത്തിൽ അതിവേഗം 15 ഗോൾ തികയ്ക്കുന്ന റിക്കാർഡും എംബപ്പെയ്ക്ക് സ്വന്തം. 16 മത്സരമേ ഫ്രഞ്ച് താരത്തിനു വേണ്ടിവന്നുള്ളൂ.
Sports
മെസി... നിങ്ങളുടെ സുന്ദരമായ നീക്കങ്ങള്‍ക്കൊടുവില്‍ പന്ത് വലയില്‍ എത്തുന്ന കാഴ്ചയ്ക്കിടെ എങ്ങനെ ഇമചിമ്മും... ഇമചിമ്മുന്നതിനിടെയാണ് ഗോള്‍ പിറക്കുന്നതെങ്കിലോ..? ഇല്ല, ടെക്സസിലെ 70,649 കാണികള്‍ ഇമചിമ്മിയില്ല; നിങ്ങള്‍ ഗോള്‍ നേടുന്ന, പന്തില്‍ ടച്ച് ചെയ്യുന്ന ഓരോ മുഹൂര്‍ത്തത്തിനും ഗാലറിയുടെ അകമ്പടിയുണ്ടായിരുന്നു, ഭൂഗോളത്തിന്റെ വിവിധ കോണുകളിലായി സ്ക്രീനുകള്‍ക്കു മുന്നിലിരിക്കുന്ന ആരാധകരുടേയും... ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന ചരിത്രം കുറിച്ച മെസീീീ... നിങ്ങള്‍ക്ക് ആയിരമായിരം ജന്മദിനാശംസകള്... ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം (ഗോട്ട്) ആരാണെന്നതിന് അടിവരയിടുന്നതാണ് ഫിഫ ലോകകപ്പില്‍ നിങ്ങളുടെ ഓരോ മത്സരവും, ഓരോ ഗോളും... മിറോസ്ലാവ് ക്ലോസെയുടെ 16 ഗോള്‍ എന്ന റിക്കാര്‍ഡ് തിരുത്തിയ മെസി, ഇനി ഓരോ തവണയും വല ചലിപ്പിക്കുന്നത് റിക്കാര്‍ഡ് ബുക്കിന്റെ പുതിയ താളുകളിലേക്ക്...
► ആധികാരിക പ്രവേശം
ഫിഫ 2026 ലോകകപ്പിന്റെ നോക്കൗട്ടിലേക്ക് (റൗണ്ട് ഓഫ് 32) ക്യാപ്റ്റന്‍ ലയണല്‍ മെസിയുടെ ഇരട്ടഗോള്‍ (38, 90+5 മിനിറ്റുകള്‍) ബലത്തില്‍ അര്‍ജന്റീന ചുവടുവച്ചു. മെസി മാത്രമാണ് അര്‍ജന്റീനയ്ക്കായി ഈ ലോകകപ്പില്‍ ഗോള്‍ നേടിയതെന്നതും മറ്റൊരു വസ്തുത; അള്‍ജീരിയയ്ക്ക് എതിരായ 3-0 ജയത്തില്‍ ഹാട്രിക്കും ഓസ്ട്രിയയ്ക്ക് എതിരായ 2-0 ജയത്തില്‍ ഇരട്ടഗോളും. മെസിക്കായി ഗോള്‍വഴി ഒരുക്കുന്ന സഹതാരങ്ങളെയാണ് ഓസ്ട്രിയയ്ക്ക് എതിരേ കണ്ടത്.
► പെനാല്‍റ്റി കളഞ്ഞെങ്കിലും
ഗ്രൂപ്പ് ജെയില്‍ ഓസ്ട്രിയയ്ക്ക് എതിരായ മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ അര്‍ജന്റീനയ്ക്കു പെനാല്‍റ്റി ലഭിച്ചു. ബോക്സിനുള്ളില്‍ ലൗതാരൊ മാര്‍ട്ടിനെസിനെ വീഴ്ത്തിയതിനു പിന്നീട് നടത്തിയ വിഎആര്‍ പരിശോധനയിലൂടെയായിരുന്നു റഫറി പെനാല്‍റ്റി വിധിച്ചത്. എന്നാല്‍, കിക്കെടുത്ത മെസിക്കു പിഴച്ചു. പന്ത് പുറത്തേക്ക്. ഗാലറി നിശബ്ദം.
എന്നാല്‍, പെനാല്‍റ്റി നഷ്ടപ്പെടുത്തിയും മെസി ചരിത്രം കുറിച്ചെന്നതാണ് വാസ്തവം. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ നിശ്ചിത സമയത്ത് ഏറ്റവും കൂടുതല്‍ പെനാല്‍റ്റി എടുത്ത (7) കളിക്കാരനും നഷ്ടപ്പെടുത്തിയ കളിക്കാരനും (3) മെസിയാണ്. നാല് എണ്ണം ഗോളാക്കി മാറ്റിയിട്ടുമുണ്ട്.
► 38-ാം മിനിറ്റ് ഗോള്‍
പെനാല്‍റ്റി നഷ്ടപ്പെടുത്തിയെങ്കിലും 38-ാം മിനിറ്റില്‍ മെസി ചരിത്രം കുറിച്ച് ഓസ്ട്രിയന്‍ വല കുലുക്കി. ഓസ്ട്രിയന്‍ പകുതിയില്‍നിന്ന് മെസി തുടങ്ങിയവച്ച നീക്കം. മെസിയില്നിന്നു പന്ത് ലഭിച്ച അല്‍മാഡ മുന്നോട്ട് ഓടിക്കയറി. തുടര്‍ന്ന് ലെഫ്റ്റ് സൈഡിലൂടെ കയറിയ ഫകുന്‍ഡോ മെഡിനയ്ക്കു മറിച്ചു. മെഡിന മുന്നോട്ടു കയറാതെ ഓസ്ട്രിയന്‍ ബോക്സിനുള്ളിലേക്ക് കട്ട് ചെയ്തു നല്കി. ഫകുന്‍ഡോ പന്തിനെ ലീവ് ചെയ്തു. പന്ത് എത്തിയത് ബോക്സിനുള്ളിലേക്ക് എത്തിയ മെസിയുടെ പാകത്തിന്. ഫസ്റ്റ് ടൈം ഷോട്ടിലൂടെ മെസി പന്ത് വലയിലാക്കി. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ മെസിയുടെ 17-ാം ഗോള്‍. മിറോസ്ലാവ് ക്ലോസെയുടെ 16 ഗോള്‍ എന്ന റിക്കാര്‍ഡ് പിന്തള്ളപ്പെട്ട നിമിഷം.
► 90+5-ാം മിനിറ്റ് ഗോള്‍
ഓസ്ട്രിയന്‍ ബോക്സിനുള്ളിലേക്ക് ജൂലിയന്‍ ആല്‍വരെസിന്റെ കുതിപ്പ്. ആല്വരസിന്റെ ഷോട്ട് ഓസ്ട്രിയന്‍ ഗോള്‍ കീപ്പറില്‍ തട്ടിത്തെറിച്ചു. പന്ത് എത്തിയത് ലിയാന്‍ഡ്രൊ പരേഡസിനു നേര്‍ക്ക്. ബോക്സിനുള്ളില്‍ നില്‍ക്കുകയായിരുന്ന മെസിയെ ലക്ഷ്യംവച്ചുള്ള പാസ്. പന്തുമായി മെസി ഡിഫെന്‍ഡര്‍മാരെ കബളിപ്പിക്കാനായി ചുവടുവച്ചു. മെസിക്കൊപ്പം ഓസ്ട്രേലിയന്‍ ഡിഫെന്‍ഡേഴ്സും ഗോള്‍ കീപ്പറും.
മെസിയുടെ ഷോട്ടിനൊപ്പം ഗോളി ഡൈവ് ചെയ്തെങ്കിലും പിഴച്ചു. എന്നാല്‍, പന്ത് ഗോള്‍ലൈനിനു മുന്നില്‍വച്ച് ഓസ്ട്രിയയുടെ നിക്കോളാസ് സീവാഡിന്റെ ശരീരത്തില്‍തട്ടി. തുടര്‍ന്ന് വീണ്ടും മെസിയുടെ പാകത്തിന്. ലഭിച്ച നേരിയ ഇടയിലൂടെ മെസിയുടെ ഷോട്ട്. പന്ത് വലയില്‍. 2-0ന്റെ ജയത്തോടെ അര്‍ജന്റീന നോക്കൗട്ട് ടിക്കറ്റുമായി കളംവിട്ടു. ആരാധകര്‍ക്ക് സന്തോഷവും ആത്മസംതൃപ്തിയും...
Sports
നാം ജീവിക്കുന്നത് കാല്‍പ്പന്ത് ഭൂഗോളപ്പോരിലെ അണ്‍സ്റ്റോപ്പബിള്‍ പ്രതിഭകളുടെ കാലത്ത്... 1958, 62, 70 ലോകകപ്പുകള്‍ സ്വന്തമാക്കിയപ്പോള്‍ ബ്രസീല്‍ ഇതിഹാസം സാക്ഷാല്‍ പെലെ ഇമ്മോര്ട്ടലായെന്ന് വിലയിരുത്തപ്പെട്ടു. ആദ്യമായി മൂന്നു ഫിഫ ലോകകപ്പ് നേടിയ, ഇന്നും ആ റിക്കാര്‍ഡില്‍ മറ്റൊരവകാശിയില്ലാത്ത ഇമ്മോര്‍ട്ടല്‍ ബ്രസീലിയന്‍; പെലെ.
കൈയില്‍ ഗ്ലൗ അണിയാതെ ഗോള്‍കീപ്പര്‍മാര്‍ വലകാത്ത കാലമായിരുന്നു അത്. പിന്നീട് 1986ല്‍ അര്‍ജന്റൈന്‍ ഇതിഹാസം ഡിയേഗോ മാറഡോണയുടെ രംഗപ്രവേശം. നൂറ്റാണ്ടിന്റെ ഗോളുമായി ആരാധകരുടെ ഹൃദയങ്ങളില്‍ ചേക്കേറി മാറഡോണയും കടന്നുപോയി...
നയന്റീസും മില്ലേനിയവും ജെന്‍സിയും കടന്ന് ആല്ഫയിലേക്കെത്തുമ്പോള് ഫിഫ ലോകകപ്പ് ഹൃദയങ്ങളില്‍ ലയണല്‍ മെസിയും കിലിയന്‍ എംബപ്പെയും മാത്രമായി ചുരുങ്ങുന്നു... അതെ, അണ്‍സ്റ്റോപ്പബിള്‍ മെസിയും എംബപ്പെയും ഫിഫ ലോകകപ്പ് വേദിയില്‍ റിക്കാര്‍ഡ് ഗോളടിമേളവുമായി അരങ്ങുതകര്‍ക്കുന്നു... പോര്‍ച്ചുഗല്‍ ഇതിഹാസമായ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിറംമങ്ങുന്ന ലോക വേദി.
2018 ഫിഫ ലോകകപ്പില്‍ ഫ്രാന്‍സിനെ കിരീടത്തിലെത്തിച്ചതു മുതല്‍ കിലിയന്‍ എംബപ്പെ, പെലെയുടെ സീറ്റിലേക്കുള്ള പരക്കംപാച്ചിലിലാണ്. 2022ല്‍ ഫ്രാന്‍സ് ഫൈനല്‍ കളിച്ചപ്പോള്‍ മെസിയും എംബപ്പെയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായി അതുമാറി. ഫൈനലില്‍ ഹാട്രിക് നേടി ചരിത്രംകുറിച്ചെങ്കിലും കിരീടത്തില്‍ മെസിയുടെ മുത്തമായിരുന്നു. നാലു വര്‍ഷത്തിനിപ്പുറം മറ്റൊരു ലോകകപ്പിന്റെ ചൂടില്‍ ഭൂഗോളം തിളച്ചുനില്‍ക്കുമ്പോള്‍ വീണ്ടും ഉയരുന്നത് മെസിയുടെയും എംബപ്പെയുടെയും പേരുകള്‍... കാരണം, ഫിഫ ലോകകപ്പ് വേദിയില്‍ റിക്കാര്‍ഡ് ഗോളടിയുമായി ഇരുവരും മുന്നേറുന്നു.
2026 ലോകകപ്പിന്റെ ആദ്യ രണ്ടു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തിലും മുന്നിലുള്ളത് മെസിയും (അഞ്ച്) എംബപ്പെയും (നാല്). ഒരു ഹാട്രിക്കും (അള്‍ജീരിയ) ഒരു ഇരട്ടഗോളുമായി (ഓസ്ട്രിയ) മെസി അഞ്ച് തവണ എതിര് വലയില്‍ പന്ത് നിക്ഷേപിച്ചു. എംബപ്പെ രണ്ട് ഇരട്ടഗോള്‍ (സെനഗല്‍, ഇറാക്ക്) നേട്ടവുമായി നാലു ഗോളിലുമെത്തി.
◄ റിക്കാര്‍ഡ് മെസി
അള്‍ജീരിയയ്ക്ക് എതിരായ ഹാട്രിക്കോടെ ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന ജര്‍മന്‍ മുന്‍താരം മിറോസ്ലാവ് ക്ലോസെയുടെ (16) റിക്കാര്‍ഡിനൊപ്പം മെസി എത്തിയിരുന്നു. ഓസ്ട്രിയയ്ക്ക് എതിരായ ഇരട്ടഗോളോടെ ഈ റിക്കാര്‍ഡ് മെസിക്കു (18) മാത്രം സ്വന്തം. 28 മത്സരങ്ങളില്‍നിന്നാണ് മെസി 18 ലോകകപ്പ് ഗോള്‍ സ്വന്തമാക്കിയത്. 24 മത്സരങ്ങളില്‍നിന്നായിരുന്നു ക്ലോസെയുടെ 16 ഗോള്‍ നേട്ടം. ക്ലോസെയ്ക്ക് ഒപ്പം കിലിയന്‍ എംബപ്പെ എത്തി. ബ്രസീലിന്റെ റൊണാള്‍ഡോ നസാരിയൊയാണ് 15 ഗോള്‍ തികച്ച മറ്റൊരു താരം.
◄ അമ്പമ്പോ എംബപ്പെ
ഭൂഗോളത്തെ അമ്പരിപ്പിക്കുന്ന ഗോളടിയുമായി ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബപ്പെ പുതിയ റിക്കാര്‍ഡില്‍. ഫിഫ ലോകകപ്പില്‍ അതിവേഗം 15 ഗോള്‍ നേടുന്ന താരമെന്ന റിക്കാര്‍ഡാണ് 27കാരനായ ഈ ഫ്രഞ്ച് താരം സ്വന്തമാക്കിയത്. ഫിഫ ലോകകപ്പിലെ 16-ാം മത്സരത്തില്‍ എംബപ്പെ 15 ഗോള്‍ പിന്നിട്ടു. നിലവില്‍ 16 മത്സരങ്ങളില്‍നിന്ന് 16 ഗോള്‍, ഒരു മത്സരത്തില്‍ ഒരു ഗോള്‍ എന്ന അദ്ഭുതാവഹമായ ശരാശരി. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ 15 ഗോള്‍ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന് എന്ന നേട്ടവും എംബപ്പെയ്ക്കു സ്വന്തം.
◄ മെസിയെ പിന്തള്ളുമോ?
ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന മെസിയുടെ റിക്കാര്‍ഡ്, നിലവിലെ ഫോം അനുസരിച്ച് കിലിയന്‍ എംബപ്പെ തകര്‍ക്കുമെന്നുറപ്പ്. മെസിയുടെ 18 ഗോള്‍ എന്ന റിക്കാര്‍ഡിലേക്ക് എംബപ്പെയ്ക്കുള്ളത് രണ്ട് എണ്ണത്തിന്റെ അകലം മാത്രം. ഈ ലോകകപ്പില്‍ നിലവിലെ ഫോം തുടര്‍ന്നാല്‍ മെസിയെ പിന്തള്ളാന് എംബപ്പെയ്ക്കു സാധിച്ചേക്കില്ല. പക്ഷേ, ഇരുവരും മത്സരിച്ച് സ്കോര്‍ ചെയ്തു മുന്നേറുകയാണെന്നതാണ് ശ്രദ്ധേയം.
വിരമിച്ചില്ലെങ്കില്‍, മെസി ഇനിയൊരു ലോകകപ്പ് കൂടി കളിക്കാന്‍ എത്തിയാല്‍ അന്ന് 42 വയസ് ഉണ്ടാകും. അതിന്റെ സാധ്യത എത്രമാത്രമെന്നു കണ്ടറിയണം. അതേസമയം, 27കാരനായ എംബപ്പെ മൂന്നു ലോകകപ്പ്കൂടി കളിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ നോക്കുമ്പോള്‍ മെസി കുറിക്കുന്ന റിക്കാര്‍ഡ് എംബപ്പെയുടെ കൈയിലായിരിക്കും വിശ്രമിക്കുക...
Sports
ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ അതിന്റെ ആദ്യ 12 ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ തരംഗം സൃഷ്ടിച്ചത് കുഞ്ഞന്മാരെന്നു വിശേഷണമുള്ള ടീമുകളുടെ ഗോള്‍ കീപ്പര്‍മാര്‍. അതില്‍ ഏറ്റവും ശ്രദ്ധേയ പ്രകടനം നടത്തിയത് അരങ്ങേറ്റ ലോകകപ്പ് കളിക്കുന്ന കേപ് വെര്‍ദെയുടെയും കുറസാവോയുടെയും ഗോള്‍ വൊസീഞ്ഞയും എല്‍റോയ് റൂമുമാണ്. എന്നാല്‍, ഫിഫ ലോകകപ്പ് ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച സേവുകളില്‍ ഒന്നുമായി ഇറാന്റെ അലിറേസ ബെയ്റന്‍വാണ്ട് ഹീറോ പരിവേഷത്തിലെത്തി.
ഗ്രൂപ്പ് ജിയില്‍ ബലവാന്മാരായ ബെല്‍ജിയത്തിന് എതിരായ മത്സരത്തിന്റെ 59-ാം മിനിറ്റിലായിരുന്നു അലിറേസയുടെ ചരിത്രപരമായ സേവിംഗ്. വീണു കിടന്നിടത്തുനിന്നുള്ള ഡൈവിലൂടെയായിരുന്നു ക്ലോസ് റേഞ്ചിലെ സേവ്. ഫുട്ബോള്‍ ലോകം അന്തംവിട്ട നിമിഷം.
ഇറാന്റെ ഡീപ്പ് ബോക്സിനുള്ളിലേക്ക് ഉയര്‍ന്നെത്തിയ പന്ത് ബെല്‍ജിയത്തിന്റെ കെവിന് ഡി ബ്രൂയിന് കാലില്കുരുക്കി നിയന്ത്രണത്തിലാക്കി. തുടര്‍ന്ന് ക്ലോസ് റേഞ്ചിലേക്ക് ഒരു ക്രോസ്. പന്ത് ലഭിച്ചത് ഇറാന്റെ അലി നെമാത്തിക്ക്. എന്നാല്‍, നെമാത്തിയുടെ രക്ഷപ്പെടുത്തല്‍ ചെന്നെത്തിയത് മാക്സിം ഡി കൈപ്പറിന്റെ പാകത്തിന്. ഡി കൈപ്പറിന്റെ ഉജ്വലഷോട്ട്. ഡി ബ്രൂയിന്റെ ക്രോസ് തടയാനായി ചാടുന്നതിനിടെത്തന്നെ അലിറേസ മൈതാനത്തു വീണിരുന്നു. എന്നാല്‍, ഡി കൈപ്പറിന്റെ ഷോട്ട് കൃത്യമായി ജഡ്ജ് ചെയ്ത അലിറേസ വീണിടത്തുനിന്നൊരു ഡൈവ്.
പന്ത് അലിറേസയുടെ കൈയില്‍ തട്ടിത്തെറിച്ചു. അവിശ്വസനീയമായ സേവിംഗ്.
‘പ്രതിമ സ്ഥാപിക്കണം'
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ നിശ്ചിത സമയത്ത് ഏറ്റവും കൂടുതല്‍ സേവിംഗ് നടത്തിയതിന്റെ റിക്കാര്‍ഡ് കുറസാവോ ഗോള്‍ കീപ്പര്‍ എലോയ് റൂം സ്വന്തമാക്കി. ഗ്രൂപ്പ് ഇയില്‍ ഇക്വഡോറിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചപ്പോള്‍ എലോയ് റൂം നടത്തിയത് 15 സേവ്. മത്സരശേഷം എലോയ് തമാശയോടെ പറഞ്ഞത് ഇങ്ങനെ: “കുറസാവോയില്‍ എന്റെ ഒരു പ്രതിമ സ്ഥാപിക്കണം”. കന്നി ലോകകപ്പ് കളിക്കുന്ന കുറസാവോ, ലോകകപ്പ് വേദിയില്‍ നേടിയ ആദ്യ പോയിന്റാണിത്.
1966ല്‍ കണക്കുകള്‍ സൂക്ഷിക്കാന്‍ ആരംഭിച്ചശേഷം 90 മിനിറ്റിനിടെ ഒരു ഗോള്‍ കീപ്പര്‍ നടത്തുന്ന റിക്കാര്‍ഡ് സേവിംഗിനൊപ്പമാണിത്.
വൊസീഞ്ഞ, സുസൂക്കി
ഇതിനോടകം ഗോള്‍വലയ്ക്കു മുന്നില്‍ ഉജ്വല പ്രകടനം നടത്തിയ മറ്റു രണ്ടു താരങ്ങളാണ് കേപ് വെര്‍ദെയുടെ 40കാരനായ വൊസീഞ്ഞയും ജപ്പാന്റെ 23കാരനായ സിയോന്‍ സുസൂക്കിയും. ഗ്രൂപ്പ് എഫില്‍ ജപ്പാന് 2-2ന് നെതര്‍ലന്‍ഡ്സിനെ സമനിലയില്‍ തളച്ചപ്പോള്‍ സുസൂക്കിയുടെ മിന്നല്‍ സേവിംഗുകള്‍ നിര്‍ണായകമായി. ഗ്രൂപ്പ് എച്ചില് കരുത്തരായ സ്പെയിനിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചപ്പോഴായിരുന്നു കേപ് വെര്‍ദെയുടെ ഗോളി വൊസീഞ്ഞ തരംഗമായത്.
ഒന്നാമന് എലോയ്
2026 ലോകകപ്പിലെ ആദ്യ 11 ദിനം പൂര്‍ത്തിയായപ്പോള്‍ കൂടുതല്‍ സേവിംഗ് നടത്തിയ ഗോള്‍കീപ്പര്‍മാരുടെ പട്ടികയില്‍ ഒന്നാമതുള്ളത് കുറസാവോയുടെ എലോയ് റൂം. രണ്ടു മത്സരങ്ങളിലായി 17 സേവിംഗുകള്‍ എലോയ് റൂം നടത്തി. ഇറാന്റെ അലിറേസയാണ് രണ്ടാമത്, രണ്ടു മത്സരങ്ങളില്‍ 10 സേവ്. ഓസ്ട്രേലിയയുടെ പാട്രിക് ബീച്ച്, ഒര്‍ലാന്റോ ഗില്‍, സൗദി അറേബ്യയുടെ മുഹമ്മദ് അല്‍ ഉവൈസ് എന്നിവര്‍ ഒമ്പത് സേവുകള്‍ വീതം നടത്തി പിന്നാലെയുണ്ട്.
Sports
ഫിഫ 2026 ലോകകപ്പില്‍ എന്റെ ഇഷ്ട ടീം സ്പെയിനാണ്. ഇക്കാര്യം ലോകകപ്പിനു മുമ്പുതന്നെ ഞാന്‍ പലയിടങ്ങളിലായി തുറന്നു പറഞ്ഞതുമാണ്. ഇത്തവണ ലോകകപ്പ് സ്വന്തമാക്കാനുള്ള ടീമുമായാണ് സ്പെയിന് എത്തിയിരിക്കുന്നത്.
എന്നാല്‍, ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തില്‍ കേപ് വെര്‍ദെയോട് ഗോള്‍രഹിത സമനില വഴങ്ങിയത് സ്പെയിനിന്റെ ഞാനടക്കമുള്ള ആരാധകരെ നിരാശപ്പെടുത്തി. ലോകകപ്പിലെ കന്നിക്കാരായ കേപ് വെര്‍ദെയുടെ വീറുറ്റ പോരാട്ടത്തെ തള്ളിക്കളയാന്‍ സാധിക്കില്ല. ഗ്രൂപ്പില്‍ അവര്‍ ഉറുഗ്വെയെയും സമനിലയില്‍ കുടുക്കിക്കഴിഞ്ഞു.
കേപ് വെര്‍ദയോട് സമനിലയില്‍ കുടുങ്ങിയ സ്പെയിന് അല്ലായിരുന്നു സൗദി അറേബ്യക്ക് എതിരായ രണ്ടാം മത്സരത്തിനായി അറ്റ്ലാന്റ സ്റ്റേഡിയത്തില്‍ ഇറങ്ങിയത്.
പരിക്കേറ്റു വിശ്രമത്തിലായിരുന്ന കൗമാര സൂപ്പര്‍ താരം ലാമിന് യമാലിനെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ത്തന്നെ ഉള്‍പ്പെടുത്തിയായിരുന്നു ലാ റോജ എന്നറിയപ്പെടുന്ന സ്പെയിന്റെ വരവ്. 19 വയസ് മാത്രം പ്രായമുള്ള ലാമിന് യമാലിന്റെ ക്ലാസ് മത്സരത്തില്‍ വ്യക്തമായി.
മാച്ച് ടെമ്പര്മെന്റുള്ള താരമാണ് യമാല്‍. അയാള്‍ എത്തിയതോടെ ടീമിന്റെ കളിതന്നെ മാറിയെന്നതാണ് ശരി. കേപ് വെര്‍ദയോട് സമനിലയില്‍ കുടങ്ങിയ ടീമേ അല്ലായിരുന്നു സ്പെയിന്. 10-ാം മിനിറ്റില്‍ യമാലായിരുന്നു സ്പെയിനിന്റെ ആദ്യ ഗോള്‍ നേടിയത്.
തുടര്‍ന്ന് മൈക്കല്‍ ഒയര്‍സബാല്‍ എന്ന താരത്തിന്റെ ഇരട്ടഗോള്‍. 21, 24 മിനിറ്റുകളിലായിരുന്നു ഒയര്‍സബാലിന്റെ എണ്ണം പറഞ്ഞ ഗോളെത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ സൗദി അറേബ്യ സ്വന്തം പോസ്റ്റില്‍ ഒരുഗോള്‍ നിക്ഷേപിച്ചതോടെ സ്പെയിനിനു 4-0ന്റെ ആധികാരിക ജയം.
2022 ഖത്തര്‍ ലോകകപ്പിലെ ജയന്റ് കില്ലേഴ്സായിരുന്നു സൗദി അറേബ്യ എന്നതും വിസ്മരിക്കാന്‍ സാധിക്കില്ല. ലയണല്‍ മെസിയുടെ അര്‍ജന്റീനയെ അട്ടിമറിച്ചായിരുന്നു സൗദി അറേബ്യ 2022 ലോകകപ്പില്‍ തങ്ങളുടെ പോരാട്ടം ആരംഭിച്ചത്.
എന്നാല്‍, ഇത്തവണ സ്പെയിനിന് എതിരേ ചടുലമായി ഒരു നീക്കം പോലും നടത്താന്‍ സൗദിക്കാര്‍ക്കു സാധിച്ചില്ല. അര്‍ജന്റീനയെ വിറപ്പിച്ച ടീമിന്റെ നിഴല്‍പോലും കളത്തില്‍ കാണാന്‍ സാധിച്ചില്ലെന്നതാണ് ശ്രദ്ധേയം.
സ്പാനിഷ് നിരയില്‍ യമാലിനൊപ്പം എടുത്തു പറയേണ്ട മറ്റൊരു കളിക്കാരന് ലെഫ്റ്റ് ബാക്കായ മാര്‍ക് കുകുറെയ്യയാണ്. നല്ല കരുത്തും സ്റ്റാമിനയുമുള്ള കളിക്കാരന്. ശരിക്കും ഒരു ഓള്‍റൗണ്ട് താരം. ലാ ലിഗയിലെ വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിന്റെ ഒരു കളിക്കാരന് പോലുമില്ലാതെയാണ് സ്പെയിന് ലോകകപ്പിന് എത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയം.
Sports
അറ്റ്ലാന്റ: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിൽ സ്പാനിഷ് ടീമിന്റെ വന്പൻ ജയം. ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തിൽ കുഞ്ഞന്മാരായ കേപ് വെർദെയോട് ഗോൾരഹിത സമനില വഴങ്ങിയ സ്പെയിൻ ഇന്നലെ രാത്രിയിൽ അരങ്ങേറിയ മത്സരത്തിൽ സൗദി അറേബ്യയെ ഗോളിൽ മുക്കി. മറുപടിയില്ലാത്ത നാലു ഗോളുകൾക്ക് സ്പെയിൻ ജയമാഘോഷിച്ചു.
കൗമാര സൂപ്പർ താരം ലാമിൻ യമാലിനെ സ്റ്റാർട്ടിംഗ് ഇലവനിൽ ഉൾപ്പെടുത്തിയാ ലാ റോജ എന്നറിയപ്പെടുന്ന സ്പെയിൻ കിക്കോഫിനെത്തിയത്. അതിന്റെ ഫലം 10-ാം മിനിറ്റിൽ കണ്ടു. മൈക്കൽ ഒയർസബാലിന്റെ അസിസ്റ്റിൽ ലാമിൻ യമാൽ ഉജ്വലമായ ഫിനിഷിംഗിലൂടെ സ്പെയിനെ മുന്നിലെത്തിച്ചു.
21-ാം മിനിറ്റിൽ ഒയർസബാലിന്റെ ഗോൾ. ലാപോർട്ടെയുടെ അസിസ്റ്റിലായിരുന്നു ഗോളിന്റെ പിറവി. 24-ാം മിനിറ്റിൽ വീണ്ടും ഒയർസബാൽ സൗദി ഗോൾവല കുലുക്കി. ഇത്തവണ അസിസ്റ്റ് നൽകിയത് ഡാനി ഓൾമോ.
രണ്ടാം പകുതി തുടങ്ങിയപ്പോൾ സൗദിയുടെ ഹസൻ തംബാക്തി (49-ാം മിനിറ്റ്) സ്വന്തം വലയിൽ പന്ത് നിക്ഷേപിച്ചു. പിന്നീട് ഗോൾ പിറന്നില്ല. അതോടെ 4-0നു ജയിച്ച് സ്പെയിൻ കളം വിട്ടു.
Sports
ഫിഫ ലോകകപ്പ് ഫുട്ബോളില്‍ ഗോള്‍കൊണ്ട് സെഞ്ചുറി തികച്ച് ഓറഞ്ചീസ് എന്നറിയപ്പെടുന്ന നെതര്‍ലന്‍ഡ്സ്. 2026 എഡിഷന്റെ ഗ്രൂപ്പ് എഫില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ 5-1നു സ്വീഡനെ തകര്‍ത്തതോടെയാണ് നെതര്‍ലന്‍ഡ്സ് 100 ഗോള്‍ കടന്നത്. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ 100 ഗോള്‍ ക്ലബ്ബില്‍ ഇടംപിടിക്കുന്ന എട്ടാമത് ടീമാണ് ഓറഞ്ചീസ്.
ഗ്രൂപ്പ് എഫിലെ ആദ്യമത്സരത്തില്‍ ജപ്പാനുമായി സമനില വഴങ്ങിയ നെതര്‍ലന്‍ഡ്സ്, സ്വീഡന് എതിരായ ജയത്തോടെ നാലു പോയിന്റുമായി ഒന്നാമതെത്തി. ഇത്രയും പോയിന്റുമായി ജപ്പാന് രണ്ടാമതുണ്ട്. നെതര്‍ലന്‍ഡ്സിന്റെ ബ്രയാന്‍ ബ്രോബിയും കോഡി ഗാക്പോയും ഇരട്ടഗോള്‍ സ്വന്തമാക്കി. ഗാക്പോ നേടിയ രണ്ടാം ഗോള്‍ 2026 ലോകകപ്പിലെ 100-ാം ഗോളായിരുന്നു എന്നതും ശ്രദ്ധേയം.
സൈമണ്‍ സാറിനെ ഓര്‍മിച്ചു
സ്വീഡന് എതിരായ മത്സരം കണ്ടപ്പോള്‍ 1973ല്‍ സന്തോഷ് ട്രോഫി ചാമ്പ്യന്മാരായ കേരള ടീമിന്റെ പരിശീലകന് സൈമണ്‍ സാറിനെ ഓര്‍ത്തുപോയി. അന്നു ഞങ്ങളെ സൈമണ്‍ സാര്‍ പഠിപ്പിച്ചതുപോലെ, വിംഗുകള്‍ കേന്ദ്രീകരിച്ചുള്ള ആക്രമണമായിരുന്നു നെതര്‍ലന്‍ഡ്സ് സ്വീഡന് എതിരേ കാഴ്ചവച്ചത്.
അഞ്ചാം മിനിറ്റില്‍ ബ്രയാന്‍ ബ്രോബി നെതര്‍ലന്‍ഡിനായി ആദ്യ ഗോള്‍ നേടി. ഇടതു വിംഗില്നിന്നു കോഡി ഗാക്പോ നല്കിയ കാര്‍പ്പറ്റ് ഡ്രൈവ് ക്രോസില്‍നിന്നായിരുന്നു ബ്രോബിയുടെ ഗോള്‍. 17-ാം മിനിറ്റില്‍ ബ്രോബി വീണ്ടും ലക്ഷ്യംകണ്ടു. ഇത്തവണ ഡെന്‍സില്‍ ഡെംഫ്രിസ് വലതു വിംഗില്നിന്നു നല്കിയ കാര്‍പ്പറ്റ് ഡ്രൈവ് ക്രോസിലായിരുന്നു ഗോള്‍.
രണ്ടാം പകുതിയില്‍ കോഡി ഗാക്പോ 47, 54 മിനിറ്റുകളില്‍ ലക്ഷ്യംകണ്ടതോടെ നെതര്‍ലന്‍ഡ്സ് 4-0നു മുന്നില്‍. എന്നാല്‍, 59-ാം മിനിറ്റില്‍ സ്വീഡന്റെ ആന്റണി എലാഞ്ഞ ഒരു ഗോള്‍ മടക്കി. എന്നാല്‍, 89-ാം മിനിറ്റില്‍ കിസെന്സിയോ സമ്മര്‍വില്‍ നെതര്‍ലന്‍ഡ്സിന്റെ അഞ്ചാം ഗോള്‍ സ്വീഡിഷ് വലയിലെത്തിച്ചു.
ഓറഞ്ച് ആക്രമണം
വിംഗുകള്‍ കേന്ദ്രീകരിച്ചുള്ള ആക്രമണമായിരുന്നു നെതര്‍ലന്‍ഡ്സ് നടത്തിയത്. അതില്‍ ഏറ്റവും കൂടുതല്‍ ആക്രമണം നടന്നത് ഇടതു വിംഗിലൂടെ ആയിരുന്നു. മറുവശത്ത് പെര്‍ഫെക്ട് പാസിംഗ് നടത്താന്‍ പോലും സ്വീഡനു സാധിച്ചില്ല. മിഡ്ഫീല്‍ഡേഴ്സ് വിത്ഡ്രോ ചെയ്തു കളിക്കുന്നതിലും പരാജയപ്പെട്ടു. നെതര്‍ലന്‍ഡ്സ് ഗോള്‍ കീപ്പര്‍ ബാര്‍ത് ഫെര്ബ്രൂഹന്റെ ഉജ്വല സേവുകളും സ്വീഡിന്റെ ഗോളിലേക്കുള്ള വഴിയില്‍ തടസമായി.
Sports
ഡാളസ്: ഫിഫ ലോകകപ്പിൽ രണ്ടാം റൗണ്ട് ഗ്രൂപ്പ് പോരാട്ടത്തിനായി ലയണൽ മെസിയുടെ അർജന്റൈൻ സംഘം ഇന്നു കളത്തിൽ. ഗ്രൂപ്പ് ജെയിൽ ഓസ്ട്രിയയാണ് അർജന്റീനയുടെ എതിരാളികൾ.
ഇന്ത്യൻ സമയം രാത്രി 10.30നാണ് കിക്കോഫ്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ മെസിയുടെ ഹാട്രിക്കിൽ അർജന്റീന 3-0ന് അൾജീരിയയെ കീഴടക്കിയിരുന്നു. ഓസ്ട്രിയ ആദ്യ മത്സരത്തിൽ ജോർദാനെയും തോൽപ്പിച്ചതാണ്.
Sports
കലിഫോർണിയ: മത്സരത്തിനിടെ വായ പൊത്തിപ്പിടിച്ച് എതിർ താരത്തോട് സംസാരിച്ചതിനു റെഡ് കാർഡ് കണ്ട് പുറത്തുപോയ ആദ്യ ഫുട്ബോളർ എന്ന ദുഷ്പേര് പരാഗ്വെയുടെ മിഗ്വൽ അൽമിറോണിന്.
ഫിഫയുടെ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ലോകകപ്പ് ഗ്രൂപ്പ് ഡിയിൽ തുർക്കിക്കെതിരായ മത്സരത്തിന്റെ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു സംഭവം.
ഫൗൾ ചെയ്തതിനെച്ചൊല്ലി തുർക്കിയുടെ പ്രതിരോധതാരം മെർട്ട് മുൾഡറും അൽമിറോണും തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നാലെ ടീമംഗങ്ങൾ ചേരിതിരിഞ്ഞ് തർക്കമായി. ഇതിനിടെ അൽമിറോൺ കൈകൊണ്ട് വായമറച്ച് സംസാരിച്ചു.
ഇതു തുർക്കി താരങ്ങൾ റഫറിയുടെ ശ്രദ്ധയിൽപ്പെടുത്തി. റഫറി വാർ പരിശോധന നടത്തിയാണ് അൽമിറോണിന് മാച്ചിംഗ് ഓർഡർ നൽകിയത്. എതിർ കളിക്കാരുമായി വാക്കുതർക്കമുണ്ടാകുമ്പോൾ കൈകൊണ്ടോ ജഴ്സി ഉപയോഗിച്ചോ വായപൊത്തി സംസാരിച്ചാൽ ചുവപ്പുകാർഡ് നൽകുമെന്നതാണ് ഫിഫയുടെ പുതിയ നിയമം.
യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ റയൽ മാഡ്രിഡിന്റെ വിനിസ്യൂസിനെ ബെൻഫിക്കയുടെ ജിയാൻലൂക്ക പ്രെസ്റ്റിയാനി വായപൊത്തിപ്പിടിച്ച് വംശീയമായി അധിക്ഷേപിച്ച സംഭവത്തിനു പിന്നാലെയാണ് ഫിഫ പുതിയ നിയമം കൊണ്ടുവന്നത്. 2026 ഫിഫ ലോകകപ്പ് മുതൽ നിയമം പ്രാബല്യത്തിലായി.
Sports
കലിഫോര്‍ണിയ: ഫിഫ 2026 ലോകകപ്പ് ഗ്രൂപ്പ് ഘട്ടം കാണാതെ ആര്‍ദ ഗുലറിന്റെ തുര്‍ക്കി പുറത്ത്. ഗ്രൂപ്പ് ഡിയില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെയാണ് തുര്‍ക്കി പുറത്തായത്.
ആദ്യ പകുതിയുടെ സ്റ്റോപ്പേജ് ടൈം മുതല്‍ പരാഗ്വെയുടെ അംഗബലം 10 പേരിലേക്കു ചുരുങ്ങിയിരുന്നു. രണ്ടാം മിനിറ്റില്‍ മത്തിയാസ് ഗലര്‍സ നേടിയ ഗോളിലാണ് പരാഗ്വെയുടെ ജയം. ബോക്സിനു പുറത്തുനിന്നുള്ള മികച്ചൊരു ലോംഗ് റേഞ്ചില്‍നിന്നായിരുന്നു മത്തിയാസിന്റെ ഉജ്വല ഗോള്‍.
ഫിഫ 2026 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടു മത്സരത്തിലായി 62 ഗോൾ ഷോട്ട്. എന്നാൽ, ഒന്നുപോലും ഗോളാക്കാനായില്ല. തുർക്കിയാണ് ഈ ഹതഭാഗ്യർ. 1966നു ശേഷം ഇത്രയധികം ഗോൾ ഷോട്ടുകളുതിർത്ത് ഒരു ഗോളുപോലും നേടാനാവാതെപോയ നാണക്കേടിന്റെ റിക്കാർഡും തുർക്കി സ്വന്തമാക്കി.
ലോകകപ്പ് ഗ്രൂപ്പ് ഡിയിൽ ഓസ്ട്രേലിയയ്ക്കും പരാഗ്വെയ്ക്കും എതിരേ പരാജയപ്പെട്ട് തുർക്കി നോക്കൗട്ട് കാണാതെ പുറത്തായി. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയൻ പോസ്റ്റിലേക്ക് 29 ഷോട്ടുകളാണ് ആർദ ഗുലറുൾപ്പെടെയുള്ള തുർക്കിയുടെ സൂപ്പർതാരങ്ങൾ തൊടുത്തത്.
രണ്ടാം മത്സരത്തിൽ പരാഗ്വെയുടെ പോസ്റ്റിലേക്ക് 33 ഷോട്ടുകളും പായിച്ചു. എന്നാൽ, ഒന്നുപോലും ലക്ഷ്യം കണ്ടില്ല. ലോകകപ്പിൽനിന്നും പുറത്തായതിനു പിന്നാലെ ആരാധകരോട് ഗുലർ മാപ്പ് ചോദിച്ചു.
"ലജ്ജ തോന്നുന്നു. എല്ലാവരും ലോകോത്തര ക്ലബ്ബുകൾക്കായി കളിക്കുന്നവർ. രണ്ട് കളികളിൽ ഒരു ഗോൾപോലും നേടാനായില്ല''- ഗുലർ പറഞ്ഞു.
Sports
ഫിലാഡല്‍ഫിയ: ഫിഫ ലോകകപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് സിയില്‍ ബ്രസീലിന്റെ അവസാന മത്സരത്തില്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂണിയര്‍ കളത്തിലെത്തുമെന്ന് മുഖ്യപരിശീലകന്‍ കാര്‍ലോ ആഞ്ചെലോട്ടി.
ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ 3-0നു ഹെയ്തിയെ തോല്‍പ്പിച്ചശേഷം നടത്തിയ പ്രതികരണത്തിലാണ് നെയ്മര്‍ അടുത്ത മത്സരത്തില്‍ കളിക്കുമെന്ന് ആഞ്ചെലോട്ടി പറഞ്ഞത്.
ഇന്ത്യന്‍ സമയം 25നു പുലര്‍ച്ചെ 3.30ന് സ്കോട്ലന്ഡിന് എതിരേയാണ് ഗ്രൂപ്പില്‍ ബ്രസീലിന്റെ അവസാന മത്സരം. നിലവില്‍ രണ്ടു മത്സരങ്ങളില്‍നിന്ന് നാല് പോയിന്റുമായി ബ്രസീല്‍ ഒന്നാം സ്ഥാനത്തെത്തി. ഇത്രയും പോയിന്റുള്ള മൊറോക്കോയെ ഗോള്‍ വ്യത്യാസത്തില്‍ പിന്തള്ളിയാണ് കാനറികള്‍ തലപ്പത്തുള്ളത്. ഒരു ജയവും ഒരു തോല്‍വിയുമായി സ്കോട്ലന്ഡിന് മൂന്നു പോയിന്റുണ്ട്.
നെയ്മര്‍ ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ചിരുന്നു. 34കാരനായ നെയ്മര്‍ കാലിന്റെ പരിക്കിനെത്തുടര്‍ന്ന് പൂര്‍ണമായി കളത്തില്‍ സജീവമായിട്ടില്ല. 2023 ഒക്ടോബറിനുശേഷം ബ്രസീല്‍ ജഴ്സിയിയില്‍ നെയ്മര്‍ കളിച്ചിട്ടില്ലെന്നതും ശ്രദ്ധേയം.
129 രാജ്യാന്തര മത്സരങ്ങളില്‍നിന്ന് 79 ഗോള്‍ നേടിയ നെയ്മര്‍, ബ്രസീലിന്റെ എക്കാലത്തെയും ടോപ് സ്കോററാണ്.
Sports
ഫിഫ 2026 ലോകകപ്പില്‍ ആതിഥേയരായ അമേരിക്ക നോക്കൗട്ടില്‍. ഗ്രൂപ്പ് ഡിയില്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടിയാണ് അമേരിക്കന്‍ സംഘം റൗണ്ട് ഓഫ് 32 ഉറപ്പാക്കിയത്. കഴിഞ്ഞദിവസം ഗ്രൂപ്പ് എയില്‍ രണ്ട് ജയത്തോടെ മറ്റൊരു ആതിഥേയരായ മെക്സിക്കോയും റൗണ്ട് ഓഫ് 32ല്‍ ഇടം നേടിയിരുന്നു. നോക്കൗട്ട് ഉറപ്പിക്കുന്ന ആദ്യ രണ്ടു ടീമുകള്‍ എന്ന നേട്ടം രണ്ട് ആതിഥേയരും സ്വന്തമാക്കി. മൂന്നാമത്തെ ആതിഥേയരായ കാനഡ ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്തുണ്ട്. കാനഡയും നോക്കൗട്ട് ഉറപ്പിക്കാനാണ് സാധ്യത.
ഈ കളി പോരാ
ലോകകപ്പ് ലെവലില്‍ ഉള്ള കാല്‍പ്പന്ത് കളിയല്ലായിരുന്നു അമേരിക്കയുടേത്. എങ്കിലും ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തില്‍ 2-0ന് ഓസ്ട്രേലിയയെ കീഴടക്കാന്‍ യുഎസ്എയ്ക്കു സാധിച്ചു. 11-ാം മിനിറ്റില്‍ ഓസ്ട്രേലിയന്‍ താരം കാമറോണ്‍ ബര്‍ഗസിന്റെ സെല്‍ഫ് ഗോളിലൂടെ അമേരിക്ക ലീഡ് നേടി. 21കാരനായ റൈറ്റ് ബാക്ക് അലക്സ് ഫ്രീമാന്‍ 43-ാം മിനിറ്റില്‍ നേടിയ ഗോളിലൂടെ യുഎസ് ജയമുറപ്പിച്ചു. റിഫ്ളക്റ്റ് ചെയ്ത് എത്തിയ പന്തില്‍ ഹെഡറിലൂടെയായിരുന്നു ഫ്രീമാന്റെ ഗോള്‍ നേട്ടം. ലോകകപ്പില്‍ അമേരിക്കയ്ക്കായി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത് താരമെന്ന നേട്ടവും ഫ്രീമാനു സ്വന്തം. 2014ല്‍ 19കാരനായ ജൂലിയന്‍ ഗ്രീന്‍ ഗോള്‍ നേടിയതാണ് ഇക്കാര്യത്തിലെ റിക്കാര്‍ഡ്.
രണ്ടാം പകുതി
ആദ്യപകുതിയില്‍ പിറന്ന രണ്ടു ഗോളിനപ്പുറം വല കുലുങ്ങിയില്ല. മാത്രമല്ല, രണ്ടാം പകുതിയില്‍ ഇരുടീമും പരുക്കന്‍ അടവുകള്‍ പുറത്തെടുത്തതോടെ മത്സരം അരോചകമായി. സോക്കറൂസ് എന്നറിയപ്പെടുന്ന ഓസ്ട്രേലിയ രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളില്‍ ഫൗളിന്റെ കുത്തൊഴുക്കാണ് നടത്തിയത്.
യുഎസിന്റെ ഡിഫെന്‍സും അത്ര മികച്ചതായിരുന്നില്ല. റൗണ്ട് ഓഫ് 32ല്‍ എത്തിയെങ്കിലും മൗറീഷ്യോ പോച്ചെറ്റീനോ പരിശീലിപ്പിക്കുന്ന അമേരിക്ക കുറെയേറെ മുന്നോട്ടു പോകാനുണ്ട്. ഗ്യാപ്പുകളില്‍ മാറി പന്ത് റിസീവ് ചെയ്യുന്നതില്‍ യുഎസ് ടീം പരാജയപ്പെട്ടു. ആതിഥേയര്‍ ഒരു ഗുഡ് ഫുട്ബോളാണ് കളിച്ചതെന്നു പറയാന്‍ സാധിക്കില്ല. ടീം ഇനിയും മുന്നോട്ട് പോകണമെങ്കില്‍ ഒരുപാട് മാറേണ്ടിയിരിക്കുന്നു.
ഗ്രൂപ്പ് ജേതാവ്
ഫിഫ ലോകകപ്പ് ഫുട്ബോളില്‍ അമേരിക്ക ഇതിനു മുമ്പ് ഗ്രൂപ്പ് ചാമ്പ്യന്മാരായത് 1930, 2010 എഡിഷനുകളില്‍. ഇത്തവണയും ഗ്രൂപ്പ് ചാമ്പ്യന്മാരാകാനുള്ള സാധ്യത സജീവമാക്കിയിരിക്കുകയാണ് അമേരിക്ക. ആറ് പോയിന്റുള്ള അമേരിക്കയ്ക്ക്, അടുത്ത മത്സരത്തില്‍ തുര്‍ക്കിയുമായി സമനില നേടിയാല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരാകാം. മൂന്നു പോയിന്റ് വീതമുള്ള പരാഗ്വെയും ഓസ്ട്രേലിയയും തമ്മിലാണ് നേരിട്ട് റൗണ്ട് ഓഫ് 32ല്‍ പ്രവേശിക്കാനുള്ള പോരാട്ടം. ഗ്രൂപ്പുകളിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് നേരിട്ട് റൗണ്ട് ഓഫ് 32ൽ ഇടംപിടിക്കുക. മികച്ച എട്ട് മൂന്നു സ്ഥാനക്കാർക്കും 32ലേക്കു ടിക്കറ്റു ലഭിക്കും.
Sports
വാന്‍കൂവര്‍: ഫിഫ 2026 ലോകപ്പിലെ ഏറ്റവും ദയനീയവും വേദനാജനകവുമായ കാഴ്ച; അതായിരുന്നു കനേഡിയന്‍ താരം ഇസ്മായില്‍ കോനെ. ഗ്രൂപ്പ് ബിയില്‍ ഖാത്തറിന് എതിരായ മത്സരത്തിന്റെ 53-ാം മിനിറ്റില്‍ ഇസ്മായില്‍ കോനെയുടെ ഇടതുകാല് വട്ടം ഒടിഞ്ഞു തൂങ്ങി. കോനെയുടെ പക്കല്‍നിന്ന് പന്ത് പിടിച്ചെടുക്കാന്‍ ഖത്തറിന്റെ അസിം മാഡിബൊ അനാവശ്യമായി നടത്തിയ ഫൗളാണ് വില്ലനായത്.
കോനെയുടെ പിന്നില്നിന്നായിരുന്നു അസിം മാഡിബൊയുടെ ഫൗള്‍. ആ കാഴ്ചകണ്ട് ഗാലറി ഒന്നടങ്കം നെഞ്ചില്‍ കൈവച്ചു, ഓഹ്, ഗോഡ് എന്ന് അറിയാതെ പറഞ്ഞുപോയി. വേദനയാൽ വാവിട്ടുകരഞ്ഞു പുളഞ്ഞ കോനെയെ, പ്രഥമ ശുശ്രൂഷയ്ക്കുശേഷം മെഡിക്കല്‍ സംഘം ആശുപത്രിയിലെത്തിച്ചു.
റഫറിയുടെ ചുവപ്പ് കണ്ട് മാഡിബൊ മൈതാനത്തിനു പുറത്തേക്ക്. കോനെയുടെ പകരക്കാരനായി നാഥന് സാലിബ കളത്തില്‍. 64-ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് സാലിബ വലയിലെത്തിച്ചു.
തുടര്‍ന്നു ഗാലറിക്കഭിമുഖമായി കോനെയുടെ ജഴ്സി ഉയര്‍ത്തിക്കാണിച്ചു, ദുഃഖഛായയുള്ള ഒരു ഗോളാഘോഷം. കോനെയോട് അസിം മാഡിബൊ ക്ഷമാപണം നടത്തിയതായി കനേഡിയന്‍ ടീം വൃത്തങ്ങള്‍ പിന്നീട് അറിയിച്ചു. കോനെയെ ആശുപത്രിക്കിടക്കയിൽ സന്ദര്‍ശിക്കുന്ന ചിത്രം സഹതാരം മോയിസ് ബോംബിറ്റൊ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
എട്ടില്‍ റിക്കാര്‍ഡ് ജയം
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ കാനഡയുടെ എട്ടാം മത്സരമായിരുന്നു. എട്ടാം പോരാട്ടത്തില്‍ (6-0) കന്നിജയം. ലോകകപ്പില്‍ ജയമില്ലാതെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ എന്ന ഹോണ്ടുറാസ് (9), ഈജിപ്ത് (8), ന്യൂസിലന്‍ഡ് (7) ടീമുകളുടെ ഗണത്തില്‍നിന്ന് കാനഡ പുറത്തുകടന്നു എന്നതും ശ്രദ്ധേയം.
കോണ്‍കാകാഫ് മേഖലയില്‍നിന്നുള്ള ഒരു ടീമിന്റെ ഏറ്റവും ഉയര്‍ന്ന ലോകകപ്പ് ജയമെന്ന റിക്കാര്‍ഡും കാനഡയ്ക്കു സ്വന്തം. 1970ല്‍ മെക്സിക്കോ 4-0ന് എല്‍ സാല്‍വഡോറിനെ കീഴടക്കിയതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്.
Sports
ന്യൂയോര്‍ക്ക്: ഫിഫ 2026 ലോകകപ്പിലെ ആദ്യജയത്തിനായി വമ്പന്മാരായ ബ്രസീലും നെതര്‍ലന്‍ഡ്സും ഇന്നു കളത്തില്‍. ഗ്രൂപ്പ് സിയില്‍ ഹെയ്തിയാണ് ബ്രസീലിന്റെ എതിരാളികള്‍.
ഇന്നു രാവിലെ ആറിന് ഫിലാഡല്‍ഫിയയിലാണ് കിക്കോഫ്. മൊറോക്കോയുമായി 1-1 സമനിലയില്‍ പിരിഞ്ഞശേഷമാണ് കാര്‍ലോ ആന്‍സിലോട്ടിയുടെ സംഘം ഹെയ്തിക്കെതിരേ ഇറങ്ങുന്നതെന്നതാണ് ശ്രദ്ധേയം.
അതേസമയം, ഹെയ്തി തങ്ങളുടെ ആദ്യ മത്സരത്തില്‍ സ്കോട്ലന്‍ഡിനോട് പരാജയപ്പെട്ടതാണ്. ചുരുക്കത്തില്‍ ഇന്നു ജയിച്ചാല്‍ മാത്രമേ റൗണ്ട് ഓഫ് 32ലേക്ക് ആധികാരികമായി ബ്രസീലിനു മുന്നേറാന്‍ സാധിക്കൂ.
ഗ്രൂപ്പ് എഫില്‍ ജപ്പാനോട് 2-2നു സമനില വഴങ്ങിയ നെതര്‍ലന്‍ഡ്സ് ആദ്യജയത്തിനായി സ്വീഡനോട് ഏറ്റുമുട്ടും. സ്വീഡന് തങ്ങളുടെ ആദ്യ മത്സരത്തില്‍ ടുണീഷ്യയെ 5-1നു തോല്‍പ്പിച്ചിരുന്നു. രാത്രി 10.30നാണ് മത്സരം.
ഞായര്‍ പുലര്‍ച്ചെ 12.30ന് ഗ്രൂപ്പ് ഇയില്‍ ജര്‍മനി ഐവറികോസ്റ്റിനെ നേരിടും. ആദ്യ മത്സരത്തില്‍ ജര്‍മനി 7-1നു കുറസാവോയെ തകര്‍ത്തിരുന്നു.
Sports
ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 50-ാം മിനിറ്റിലായിരുന്നു മെക്സിക്കോയുടെ ഗോള്‍. പെനാല്‍റ്റി ബോക്സിനുള്ളിലേക്ക് ഉയര്‍ന്നുവന്നൊരു ക്രോസ്.
പന്ത് ക്ലിയര്‍ ചെയ്യാനായി ദക്ഷിണകൊറിയന്‍ ഗോള്‍ കീപ്പര്‍ കിം സ്യൂങ് ജ്യൂ മുന്നോട്ട് എത്തി. വായുവില്‍ ഉയര്‍ന്നുചാടിയ കിം സ്യൂങ് ജ്യൂ പന്ത് കൈപ്പിടിയിലൊതുക്കാന്‍ ശ്രമിച്ചെങ്കിലും പിഴച്ചു.
പൂര്‍ണമായി കൈക്കുള്ളിലാകാതിരുന്ന പന്ത്, കിം സ്യൂങ് ജ്യൂവിന്റെ കൈയില്‍നിന്നു വഴുതി. ദക്ഷിണകൊറിയന്‍ പ്രതിരോധക്കാര്‍ നോക്കിനില്‍ക്കേ, പന്ത് ലഭിച്ച ലൂയിസ് റൊമൊ നിമിഷാര്ധത്തില് വല കുലുക്കി. ആ ഒരു ഗോള്‍ മതിയായിരുന്നു മെക്സിക്കോയ്ക്ക് നോക്കൗട്ട് ഉറപ്പിക്കാന്‍.
ഫിഫ ലോകകപ്പില്‍ ദക്ഷിണകൊറിയയെ മെക്സിക്കോ തോല്‍പ്പിക്കുന്നത് മൂന്നാം തവണ. ലോകകപ്പ് ചരിത്രത്തില്‍ മെക്സിക്കോ ഏറ്റവും കൂടുതല്‍ ജയം നേടിയ എതിരാളികളാണ് ദക്ഷിണകൊറിയ.
ഫിഫ ലോകകപ്പില്‍ മെക്സിക്കോയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണ്. 2022 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ മെക്സിക്കോ, സൗദി അറേബ്യയെ കീഴടക്കിയിരുന്നു.
Sports
ഫിഫ 2026 ലോകകപ്പ് ഫുട്ബോളില്‍ നോക്കൗട്ടില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി മെക്സിക്കോ. എല്‍ ട്രൈ (ത്രിവര്ണക്കാര്) എന്നറിയപ്പെടുന്ന മെക്സിക്കോ, ഗ്രൂപ്പ് എയില്‍ രണ്ടാം മത്സരത്തിലും ജയം നേടിയതോടെയാണ് റൗണ്ട് ഓഫ് 32 ടിക്കറ്റ് കരസ്ഥമാക്കിയത്.
ആദ്യമത്സരത്തില്‍ 2-0നു ദക്ഷിണാഫ്രിക്കയെ കീഴടക്കിയ മെക്സിക്കോ, ഇന്നലെ നടന്ന രണ്ടാം പോരാട്ടത്തില്‍ 1-0ന് ദക്ഷിണകൊറിയയെ തോല്‍പ്പിച്ചു. 50-ാം മിനിറ്റില്‍ ലൂയിസ് റോമോ ആയിരുന്നു മെക്സിക്കന്‍ ജയം കുറിച്ച ഗോള്‍ സ്വന്തമാക്കിയത്. ദക്ഷിണകൊറിയന്‍ പ്രതിരോധത്തിന്റെയും ഗോള്‍ കീപ്പറുടെയും പിഴവില്‍നിന്നായിരുന്നു ഗോളിന്റെ പിറവി.
ഗ്രൂപ്പ് ചാമ്പ്യന്മാര്
ഗ്രൂപ്പ് എയില്‍ രണ്ടു മത്സരങ്ങളില്‍നിന്ന് ആറ് പോയിന്റുമായി മെക്സിക്കോ ഒന്നാം സ്ഥാനത്ത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ സമനില നേടിയാല്‍ പോലും മെക്സിക്കോയ്ക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരായി അടുത്ത ഘട്ടത്തിലേക്കു മുന്നേറാം. 25ന് ചെക് റിപ്പബ്ലിക്കിന് എതിരേയാണ് ഗ്രൂപ്പില്‍ മെക്സിക്കോയുടെ അവസാന മത്സരം. 24 വര്‍ഷത്തിനുശേഷമാണ് ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ മെക്സിക്കോ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ ഒരുങ്ങുന്നത്.
ഉജ്വല സേവ്
17-ാം മിനിറ്റില്‍ മെക്സിക്കോയുടെ വലയില്‍ പന്ത് എത്തേണ്ടതായിരുന്നു. ദക്ഷിണകൊറിയയുടെ സൂപ്പര്‍ താരം സണ്‍ ഹ്യൂങ് മിന്, മുന്നോട്ടെത്തിയ മെക്സിക്കന്‍ ഗോള്‍ കീപ്പറിന്റെ തലയ്ക്കു മുകളിലൂടെ ചിപ്പ് ചെയ്ത് ഗോള്‍ വല ലക്ഷ്യമാക്കി പന്തിനെ പറഞ്ഞയച്ചു. പെനാല്‍റ്റി ഏരിയയ്ക്ക് തൊട്ടടുത്തുനിന്നായിരുന്നു ഇത്. ചിപ്പ് ചെയ്ത പന്ത് അല്പം കൂടുതല്‍ ഉയരുകയും വേഗം കുറയുകയും ചെയ്തു. ഗോള്‍വലയിലേക്ക് മെക്സിക്കന്‍ പ്രതിരോധക്കാരായ ഹൊര്‍ഹെ സാഞ്ചസും എഡ്സണ് ആല്‍വരെസും കുതിച്ചു. ഗോള്‍ ലൈന്‍ കടക്കുന്നതിനു മുമ്പ് ഓവര്‍ഹെഡ് ക്ലിയറന്‍സിലൂടെ എഡ്സണ് ആല്‍വരെസ് പന്ത് അടിച്ചകറ്റി. ഗാലറി നിറഞ്ഞ കരഘോഷത്തോടെ സ്വീകരിച്ച നിമിഷം.
87-ാം മിനിറ്റില്‍ ദക്ഷിണകൊറിയയുടെ ഗോള്‍ ശ്രമവും ലൈനില്വച്ചു തടയപ്പെട്ടു. ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനുശേഷം യാങ്, ചൊ എന്നിവര്‍ പന്ത് വലയിലാക്കാന്‍ ശ്രമിച്ചു. എന്നാല്‍, രണ്ടാം ശ്രമത്തില്‍ മെക്സിക്കന്‍ ഗോള്‍ കീപ്പര്‍ റൗള്‍ റാഹേല്‍ പന്ത് കൈക്കുള്ളിലാക്കി.
Sports
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി 48 ടീമുകള്‍ പങ്കെടുക്കുന്നതാണ് 2026 എഡിഷന്. നാല് ടീമുകള്‍ വീതമുള്ള 12 ഗ്രൂപ്പുകളിലായാണ് 48 ടീമുകള്‍ പ്രാഥമിക റൗണ്ട് കളിക്കുന്നത്.
ഗ്രൂപ്പ് ഘട്ടത്തില്‍നിന്ന് 32 ടീമിലേക്കു ചുരുങ്ങും. അതായത് 12 ഗ്രൂപ്പിലെയും ഒന്നും രണ്ടും സ്ഥാനക്കാര്‍ നേരിട്ട് റൗണ്ട് ഓഫ് 32 ടിക്കറ്റ് കരസ്ഥമാക്കും. ഇവര്‍ക്കൊപ്പം മികച്ച മൂന്നാം സ്ഥാനക്കാരായി എട്ട് ടീമുകളും കൂടി ചേരുന്നതോടെ അവസാന 32 പട്ടിക പൂര്‍ത്തിയാകും.
പ്രീക്വാര്‍ട്ടറിനു മുമ്പായുള്ള നോക്കൗട്ടാണ് റൗണ്ട് ഓഫ് 32. മുന്‍ ലോകകപ്പുകളില്‍ ആകെയുണ്ടായിരുന്നത് 32 ടീമുകളായിരുന്നു.
Sports
ഹൂസ്റ്റണ്‍: ഫിഫ 2026 ലോകകപ്പ് ഫുട്ബോൾ ആദ്യറൗണ്ട് പോരാട്ടത്തിന് അവസാനം. ഗ്രൂപ്പ് കെയിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന്റെ തിളക്കമില്ലാത്ത പോരാട്ടം ഇന്നലെ കണ്ടു.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്ക്കെതിരേ രാത്രി 10.30ന് വിസിൽ മുഴങ്ങി ആറ് മിനിറ്റ് പിന്നിടവേ പോർച്ചുഗൽ ആരവം അളവറ്റു. ജാവോ നേവ്സ് കോംഗോയുടെ വല കുലുക്കി.
45+5 മിനിറ്റിൽ വിസയിലൂടെ കോംഗോ സമനില പിടിച്ചു. രണ്ടാം പകുതിയിൽ റെണോൾഡോയും സംഘവും കിണഞ്ഞുശ്രമിച്ചെങ്കിലും കോംഗോ വല കുലുക്കാൻ സാധിച്ചില്ല.
പോർച്ചുഗൽ നായകനും സംഘവും നിരാശയോടെ അവസാന വിസിൽ മുഴക്കം കേട്ടു. രണ്ടാം റൗണ്ട് പോരാട്ടങ്ങൾക്ക് ഇന്നു തുടക്കം.
Sports
മിസോറി: അള്‍ജീരിയയ്ക്ക് എതിരായ ഹാട്രിക്കോടെ, ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന ജര്‍മന്‍ മുന്‍താരം മിറോസ്ലാവ് ക്ലോസെയുടെ റിക്കാര്ഡിനൊപ്പവും ലയണല്‍ മെസിയെത്തി.
ലോകകപ്പില്‍ 13 ഗോളുമായി 2026 എഡിഷനെത്തിയ മെസി, ക്ലോസെക്കൊപ്പം (16 ഗോള്‍) റിക്കാര്‍ഡ് പങ്കിടുന്നു. ഈ അപൂര്‍വ നേട്ടത്തെക്കുറിച്ചടക്കം മത്സരശേഷം മെസി നടത്തിയ പ്രതികരണം:
“ക്ലോസെയ്ക്കും റൊണാള്‍ഡോയ്ക്കും (നസാരിയൊ) ഒപ്പമെത്തിയത് ഒരു ബഹുമതിയാണ്. എന്നാല്‍, ഇതില്‍ കാര്യമില്ല. കിലിയന്‍ എംബപ്പെ പിന്നാലെയുണ്ട്. ഇന്ന് (സെനഗലിന് എതിരേ) അദ്ദേഹം രണ്ട് ഗോള്‍ നേടി. ഇതെല്ലാം വെറും കണക്കുകള്‍ മാത്രമാണ്. അതില്‍ക്കവിഞ്ഞൊന്നും ഇല്ല. ഇവരെല്ലാമായി മത്സരിക്കുന്നത് ബഹുമതിയാണ്. പക്ഷേ, അതിനര്‍ഥമില്ല. ഞാന്‍ കണ്ടുവളര്‍ന്ന മഹാനായ കളിക്കാരില്‍ ഒരാളാണ് റൊണാള്‍ഡോ (നസാരിയൊ). എന്നാല്‍, അദ്ദേഹമില്ല പട്ടികയുടെ തലപ്പത്ത്. അതിനാല്‍, വെറും സ്റ്റാറ്റ്സ് എല്ലാം”
കണ്ണീരണിയാന്‍ കാരണം
“മത്സരത്തിലെ ആദ്യ ഗോളിനുശേഷം ഞാന്‍ എന്തിനാണ് കരഞ്ഞത്? അത് ഫുട്ബോളുമായി പൂര്‍ണമായും ബന്ധമില്ലാത്ത ഒന്നായിരുന്നു. ദുഷ്കരമായ ദിവസങ്ങളിലൂടെ ഞാന്‍ കടന്നുപോയി, പക്ഷേ, ടീം ഒന്നടങ്കം എനിക്കൊപ്പം നിന്നു. അവര്‍ എപ്പോഴും എന്റെ കൂടെയുണ്ടായിരുന്നു. പ്രതിസന്ധി തരണം ചെയ്യാന്‍ അവരെല്ലാം എനിക്കു ശക്തി നല്കി. എന്നിലേക്ക് വന്നണയുന്ന എല്ലാം സ്വീകരിച്ച് ജീവിക്കുന്നതില്‍ സന്തോഷിക്കുന്നു. ഈ അത്ഭുതകരമായ ടീമിനോട് ഞാന്‍ നന്ദിയുള്ളവനാണ്”.
പരിക്കും ജയവും
“ഒരു ലോകകപ്പിലെ ആദ്യ മത്സരം എപ്പോഴും കടുപ്പമേറിയതാണ്. ആരും ഒന്നും വിട്ടുകൊടുക്കില്ല. ഏറ്റവും മികച്ച ദേശീയ ടീമുകള്‍ ഏറ്റുമുട്ടുന്നതാണ് ലോകകപ്പ്. ഇത് എന്റെ ആറാമത്തെ ലോകകപ്പാണ്. ഭാഗ്യവശാല്‍, നന്നായി കളിക്കാന്‍ സാധിക്കുന്നു. ആദ്യ മത്സരത്തില്‍ തന്നെ വിജയത്തോടെ ടൂര്‍ണമെന്റ് ആരംഭിക്കേണ്ടത് പ്രധാനമാണ്, കാരണം ഒരു ലോകകപ്പില്‍ അത് ഒരിക്കലും എളുപ്പമല്ല. കഠിനമായ ഒരു മത്സരം ജയിക്കാന്‍ കഴിഞ്ഞു”- മെസി പറഞ്ഞു.
Sports
മാസച്യുസെറ്റ്സ്: വൈക്കിംഗുകളുടെ നാടായ നോര്വെയ്ക്കുവേണ്ടി ഫിഫ ലോകകപ്പില്‍ ഇരട്ടഗോള്‍ നേടുന്ന ആദ്യതാരം എന്ന റിക്കാര്‍ഡ് എര്‍ലിംഗ് ഹാലണ്ടിനു സ്വന്തം.
നോര്‍വെയ്ക്കായി ഏറ്റവും കൂടുതല്‍ ലോകകപ്പ് ഗോള്‍ എന്ന ഷ്യെതില് റെക്ഡാലിന്റെ (2) റിക്കാര്ഡിനൊപ്പവും ഹാലണ്ട് എത്തി. 1998നുശേഷം ആദ്യമായാണ് നോര്‍വെ ഫിഫ ലോകകപ്പ് വേദിയിലെത്തുന്നത്.
Sports
2026 ഫിഫ ലോകകപ്പിൽ ഗോളടിമേളംതീർത്ത് ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിനു തുടക്കമിട്ട് സൂപ്പർതാരങ്ങൾ. കരിയറിന്റെ അവസാനഘട്ടത്തിലും വിസ്മയം തീർക്കുന്ന ലയണൽ മെസി, ഫ്രാൻസിന്റെ പുതിയ അധ്യായം കുറിക്കുന്ന കിലിയൻ എംബാപ്പെ, ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കിയ ഏർലിംഗ് ഹാലൻഡ് എന്നിവരെല്ലാം ആദ്യ മത്സരങ്ങളിൽ തന്നെ വെടിപൊട്ടിച്ചുകഴിഞ്ഞു.
ഈ ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനുള്ള "ഗോൾഡൻ ബോൾ', ഗോളടിവീരനുള്ള "ഗോൾഡൻ ബൂട്ട്' പുരസ്കാരങ്ങൾക്കുള്ള പോരാട്ടത്തിന് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇന്നിറങ്ങും.
ഇന്നലെ ആദ്യംതട്ടകത്തിൽ കയറിയ കിലിയൻ എംബാപ്പെ കരുത്തരായ സെനഗലിനെതിരേ ഇരട്ടഗോളുകളുമായാണു വേട്ടയ്ക്കു തുടക്കമിട്ടത്. ലോകകപ്പിൽ സാക്ഷാൽ ലിയോ മെസിയെ മറികടന്ന് 14 ഗോളുകളുമായി എംബാപ്പെ ലോകകപ്പ് ഗോളെണ്ണത്തിൽ മിറോസ്ലാവ് ക്ലോസെയ്ക്കും റൊണാൾഡോ നസാരിയോയ്ക്കും പിന്നാലെ മൂന്നാമതെത്തി.
മണിക്കൂറുകളുടെ വ്യത്യാസത്തിൽ അൾജീരിയക്കെതിരേ കളത്തിലിറങ്ങിയ മെസി തകർപ്പൻ ഹാട്രിക്ക് ഗോളുമായാണ് മുപ്പത്തിയട്ടിന്റെ ബാല്യം അറിയിച്ചത്. വടക്കേ അമേരിക്കൻ ലോകകപ്പിനു പന്തുരുളും മുൻപ് ലോകകപ്പിലാകെ 13 ഗോളായിരുന്നു മെസിയുടെ സമ്പാദ്യം.
അൾജീരിയക്കെതിരായ ഹാട്രിക്കോടെ മെസി ലോകകപ്പ് ഗോൾവേട്ടക്കാരിൽ ജർമൻ സ്ട്രൈക്കർ മിറോസ്ലാവ് ക്ലോസെയ്ക്കൊപ്പം ഒന്നാംസ്ഥാനത്തേക്കു കുതിച്ചെത്തി. റിക്കാർഡ് ബുക്കിൽ തനിച്ചു പേരെഴുതാൻ മെസിക്ക് ഇനി ഒരു കളികൂടി ധാരാളം.
ഇത്തവണ ഗോൾഡൻ ബൂട്ടിനു മെസിക്കും എംബാപ്പെയ്ക്കും വെല്ലുവിളിയായേക്കാവുന്ന നോർവെയുടെ ഏർലിംഗ് ഹാലൻഡും ലോകകപ്പിലെ അരങ്ങേറ്റം ഒട്ടും മോശമാക്കിയില്ല. ഇറാക്കിനെതിരേ തന്റെ ട്രേഡ് മാർക്ക് ഇരട്ട ഗോളുകളുമായി ഹാലൻഡും ഗോൾഡൻ ബൂട്ടിനായി തയാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു.
ഇത്തവണ കരുത്തുറ്റ ടീമുമായി എത്തുന്ന നോർവെ ലോകകപ്പിൽ എത്രമാത്രം മുന്നോട്ടുപോകും എന്നതിനെ ആശ്രയിച്ചിരിക്കും ഹാലൻഡിന്റെ സുവർണപാദുകമോഹം. നാലോ അഞ്ചോ കളികൾ കിട്ടിയാൽപോലും ഗോൾഡൻ ബൂട്ട് അടിച്ചെടുക്കാനുള്ള ടാലന്റ് ഹാലൻഡിനുണ്ട്.
മെസി ട്രിക്കിൽ റിക്കാർഡുകൾ തരിപ്പണം
ആദ്യ മത്സരത്തിൽ അൾജീരിയയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്താണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന കിരീടം നിലനിർത്താനുള്ള യാത്ര തുടങ്ങിയത്. മത്സരത്തിൽ തകർപ്പൻ ഹാട്രിക് കുറിച്ചുകൊണ്ട് ക്യാപ്റ്റൻ ലയണൽ മെസി ലോകകപ്പ് ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്തു.
ഈ ഗോളുകളോടെ എണ്ണത്തിൽ 16 ഗോളുമായി മിറോസ്ലാവ് ക്ലോസെയുടെ റിക്കാർഡിനൊപ്പം എത്തിയ മെസി ലോകകപ്പ് ചരിത്രത്തിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനുമായി.
വഴിമാറിയത് 2018-ൽ സ്പെയിനെതിരേ ഹാട്രിക് നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റിക്കാർഡ്.
എംബാപ്പെയുടെ റിക്കാർഡ് വേട്ടയും ഹാലൻഡിന്റെ കന്നി അങ്കവും
സെനഗലിനെതിരായ മത്സരത്തിൽ ഫ്രാൻസ് ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് വിജയം വരിച്ചപ്പോൾ ചുക്കാൻപിടിച്ചത് കിലിയൻ എംബാപ്പെയുടെ തകർപ്പൻ പ്രകടനമാണ്.
മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ എംബാപ്പെ, ഒലിവർ ജിറൂഡിനെ മറികടന്ന് ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗോൾവേട്ടക്കാരനായി മാറി.
ലോകകപ്പിൽ മാത്രം എംബാപ്പെയുടെ ആകെ ഗോൾ സമ്പാദ്യം ഇതോടെ പതിനാലിലേക്ക് ഉയർന്നു. മറുഭാഗത്ത് ലോകകപ്പ് വേദിയിലേക്ക് വലിയൊരു ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ നോർവെയ്ക്കായി ഏർലിംഗ് ഹാലൻഡ് തന്റെ ക്ലാസ് തെളിയിച്ചു.
ഇറാഖിനെ ഒന്നിനെതിരേ നാലുഗോളുകൾക്ക് തകർത്ത മത്സരത്തിൽ ഇരട്ട ഗോളുകളുമായാണ് ഹാലൻഡ് തന്റെ ലോകകപ്പ് അരങ്ങേറ്റം അതിഗംഭീരമാക്കിയത്.
കാത്തിരിപ്പ് സിആർ സെവന്റെ ലാസ്റ്റ് ഡാൻസിനായി
മെസിയും എംബാപ്പെയും ഹാലൻഡും ആദ്യ മത്സരങ്ങളിൽ തന്നെ കളം നിറഞ്ഞു കഴിഞ്ഞപ്പോൾ, ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്നത് കരിയറിലെ ആറാം ലോകകപ്പിനായി ബൂട്ടണിയുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനത്തിനാണ്.
തന്റെ കരിയറിലെ ഒരേയൊരു കനകസിംഹാസനം ലക്ഷ്യമിട്ടാണ് റൊണാൾഡോ ഇന്ന് രാത്രി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്ക്ക് എതിരെ ഹൂസ്റ്റണിൽ കളത്തിലിറങ്ങുന്നത്.
മെസിയുടെ ഹാട്രിക്കും എംബാപ്പെയുടെയും ഹാലൻഡിന്റെയും ഇരട്ട ഗോളുകളും നൽകുന്ന വലിയ ആവേശം റൊണാൾഡോയെ എത്രത്തോളം പ്രചോദിപ്പിക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ഗോൾഡൻ ബോളിനായുള്ള ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പോരാട്ടത്തിന് വടക്കേ അമേരിക്കൻ മണ്ണിൽ ഔദ്യോഗികമായി തിരികൊളുത്തിക്കഴിഞ്ഞു.
Sports
കാൻസസ് സിറ്റി: 2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ അൾജീരിയക്കെതിരെ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് തകർപ്പൻ തുടക്കം. കളി തുടങ്ങി 16-ാം മിനിറ്റിൽ തന്നെ സൂപ്പർ താരം ലയണൽ മെസിയിലൂടെ അർജന്റീന മുന്നിലെത്തി. റോഡ്രിഗോ ഡി പോളിന്റെ അസിസ്റ്റിൽ നിന്ന് ബോക്സിന് പുറത്തുനിന്ന് തൊടുത്ത മനോഹരമായ ഒരു ഇടങ്കാലൻ ഷോട്ടിലൂടെയാണ് മെസ്സി അൾജീരിയൻ വല കുലുക്കിയത്.
പരിക്കിന്റെ ആശങ്കകൾ മറികടന്ന് ആദ്യ ഇലവനിൽ തന്നെ മെസി കളത്തിലിറങ്ങി. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ അൾജീരിയയുടെ ഫാരെസ് ചൈബി ഒരു ഗോൾ നേടിയെങ്കിലും വിഎആർ പരിശോധനയിൽ അത് ഓഫ്സൈഡ് ആണെന്ന് കണ്ടെത്തി റദ്ദാക്കുകയായിരുന്നു. ഗ്രൂപ്പ് ജെ-യിലെ ഈ ആവേശപ്പോരാട്ടത്തിൽ മെസ്സിയുടെ ഗോളിലൂടെ അർജന്റീന മത്സരത്തിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. 2022-ൽ സൗദി അറേബ്യയോട് ആദ്യ മത്സരം തോറ്റ ചരിത്രം ആവർത്തിക്കാതിരിക്കാൻ ശക്തമായ ലൈനപ്പുമായിട്ടാണ് അർജന്റീന ഇത്തവണ ഇറങ്ങിയിരിക്കുന്നത്.
Sports
ഇംഗല്‍വുഡ്: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിലെ ഏറ്റവും സംഘർഷാത്മകവും ചര്‍ച്ചാ വിഷയവുമായ ഇറാന് x ന്യൂസിലന്‍ഡ് മത്സരം 2-2 സമനിലയില്‍.
കലിഫോര്‍ണിയ, ഇംഗല്വുഡിലെ സോഫി സ്റ്റേഡിയത്തില്‍ അരങ്ങേറിയ മത്സരം യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ മേന്പൊടിയുള്ളതായിരുന്നു. പോരാട്ടം ശീലമാക്കിയ ഇറാന്, ന്യൂസിലന്‍ഡിനോട് രണ്ടു തവണ പിന്നിലായശേഷമാണ് സമനില സ്വന്തമാക്കിയത്.
ഏഴാം മിനിറ്റില്‍ ഏലിയ ജെസ്റ്റിലൂടെ ന്യൂസിലന്‍ഡ് ലീഡ് നേടി. എന്നാല്‍, റാമിന് റെസെയാന് (32) ഗോള്‍ മടക്കി. രണ്ടാം പകുതിക്ക് ഒമ്പത് മിനിറ്റ് പ്രായമായപ്പോള്‍ ഏലിയ ജെസ്റ്റ് വീണ്ടും ഇറേനിയന്‍ വലയില്‍ പന്ത് നിക്ഷേപിച്ചു. മത്സരത്തില്‍ ജെസ്റ്റിന്റെ രണ്ടാം ഗോള്‍. ന്യൂസിലന്‍ഡിന്റെ ഈ ആഹ്ലാദത്തിനും അല്പായുസേ ഉണ്ടായിരുന്നുള്ളൂ. 64-ാം മിനിറ്റില്‍ മുഹമ്മദ് മൊഹെബിയിലൂടെ ഇറാന് രണ്ടാമതും ഒപ്പമെത്തി.
ഇറേനിയൻ ഫുട്ബോള്‍ ഫെഡറേഷനും മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും വരെ വീസയും ടിക്കറ്റും നിഷേധിക്കപ്പെട്ടിരുന്നു. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ടീമിന്റെ ബേസ് ക്യാമ്പ് മെക്സിക്കോയിലാണ്.
ഇറാന്റെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളും അമേരിക്കയില്‍ നടക്കും. മത്സരത്തിന്റെ തലേന്ന് അമേരിക്കയില്‍ എത്തുകയും മത്സരം കഴിഞ്ഞ് മെക്സിക്കോയിലേക്കു മടങ്ങുകയും ചെയ്യുന്ന രീതിയിലാണ് ഇറേനിയൻ ടീമിന്റെ ഷെഡ്യൂള്‍.
Sports
അറ്റ്ലാന്റ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എച്ചില് സ്പെയിന് x കേപ് വെര്‍ദെ പോരാട്ടം. ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഐതിഹാസിക മത്സരങ്ങളില്‍ ഒന്നായിരിക്കും തങ്ങളുടെ മുന്നില്‍ അരങ്ങേറുകയെന്ന് അപ്പോള്‍ ആരും ചിന്തിച്ചില്ല. ഗ്രൂപ്പ് ഇയില്‍ ജര്‍മനി 7-1ന് കുറസാവോയെ കീഴടക്കിയതിനു സമാനമായ സ്കോര്‍ പ്രതീക്ഷിച്ച് ഏവരുമെത്തി.
ഗാലറിയില്‍ 67,640 കാണികളില്‍ സിംഹഭാഗവും സ്പാനിഷ് ജഴ്സിക്കാര്‍. ഉനയ് സിമോണ്‍, എയ്മറിക് ലാപോര്‍ട്ടെ, പൗ ക്യുബാരിസ്, മാര്‍ക്ക് കുറുക്കെല്ല, റോഡ്രി, പെദ്രി, ഫാബിയന്‍ റൂയിസ്, ഗാവി, മൈക്കല്‍ ഒയര്‍സബാല്‍ ഇതൊന്നും പോരാഞ്ഞിട്ട് പകരക്കാരുടെ ബെഞ്ചില്‍നിന്ന് ലാമിന് യമാല്‍, നിക്കോ വില്യംസ്, മൈക്കല്‍ മെറിനോ എന്നിവരെയും സ്പാനിഷ് കോച്ച് ലൂയിസ് ഡാ ലാ ഫ്യൂന്റെ കളത്തിലേക്കു പറഞ്ഞയച്ചു. ഇവരെല്ലാം ആരാധകരുടെ പ്രിയതാരങ്ങള്‍. മറുവശത്ത്, കേപ് വെര്‍ദയുടെ ഒരു കളിക്കാരുടെ പേരുപോലും ലോകത്തിനു സുപരിചിതമല്ലായിരുന്നു.
90 മിനിറ്റും സ്റ്റോപ്പേജ് ടൈമും പൂര്‍ത്തിയായിട്ടും സ്പെയിനിന്റെ പുകള്‍പെറ്റ സംഘത്തിനു ഗോള്‍ നേടാന്‍ സാധിച്ചില്ല. റഫറി ലോംഗ് വിസില്‍ മുഴക്കിയപ്പോള്‍ സ്പെയിന് ആരാധകര്‍ തലതാഴ്ത്തി. പിന്നീടങ്ങോട്ട് കേപ് വെര്‍ദെയുടെ ഗോള്‍ കീപ്പര്‍ വൊസീഞ്ഞയുടെ പേരു മാത്രമായി ആ മത്സരത്തിന്റെ അഡ്രസ്; മഹാദ്ഭുതം!
ഐതിഹാസിക പോരാട്ടം
ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഐതിഹാസിക വ്യക്തിഗത പോരാട്ടങ്ങളുടെ പട്ടികയിലേക്ക് വൊസീഞ്ഞയുടെ പ്രകടനവും ചേര്‍ക്കപ്പെട്ടു.
1986ല്‍ ഇംഗ്ലണ്ടിന് എതിരായ ക്വാര്‍ട്ടറില്‍ മിനിറ്റുകളുടെ ഇടവേളയില്‍ ദൈവത്തിന്റെ കൈ ഗോളും നൂറ്റാണ്ടിന്റെ ഗോളും നേടിയ അര്‍ജന്റൈന്‍ ഇതിഹാസം ഡിയേഗോ മാറഡോണയുടെ പ്രകടനമാണ് ഐതിഹാസിക വ്യക്തിഗത പ്രകടനങ്ങളില്‍ ഒന്നാമത്. 1958ല്‍ 17-ാം വയസില്‍ ബ്രസീലിന്റെ പെലെ ഫൈനലിലും സെമിയിലും നടത്തിയത് രണ്ടാം സ്ഥാനത്തുണ്ട്.
1998ല്‍ ബ്രസീലിനെ ഫൈനലില്‍ കീഴടക്കി ഫ്രാന്‍സിനെ കിരീടത്തിലെത്തിച്ച സിനദാന് സിദ്ദാന്റെ പ്രകടനവും പട്ടികയിലുണ്ട്. ഈ പട്ടികയിലേക്കാണ് വൊസീഞ്ഞ എന്ന 40കാരന്റെ എന്‍ട്രി.
40ല്‍ റിക്കാര്‍ഡ്
സ്പെയിന് x കേപ് വെര്‍ദെ മത്സരത്തിനുശേഷം ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിനുകളില്‍ ഏറ്റവും കൂടുതല്‍ തെരയപ്പെട്ട പേര് വൊസീഞ്ഞ എന്നതായിരുന്നു. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ കേപ് വെര്‍ദെയിലെ, മിന്‍ഡെലോ സ്വദേശിയാണ് വൊസീഞ്ഞ. കേപ് വെര്‍ദെയിലെ 5.30 ലക്ഷം ജനങ്ങളില്‍ ഒരു ലക്ഷത്തോളം ഇവിടെയാണ്.
സ്പാനിഷ് ആക്രമണം ചെറുത്ത്, കേപ് വെര്‍ദെയുടെ ഗോള്‍വല കാത്തത് വൊസീഞ്ഞ ആയിരുന്നു. ഏഴ് വേസുകളാണ് ബോക്സിനുള്ളില്‍ വൊസീഞ്ഞ നടത്തിയത്. ആകെ നേരിട്ടത് 27 ഷോട്ട്. ബോക്സിനു പുറത്ത് ഒരു സേവും നടത്തി. 1.46 ആയിരുന്നു മത്സരത്തിലെ എക്സ്പെറ്റഡ് ഗോള്‍ കണക്ക്.
ഫിഫ ലോകകപ്പില്‍ 40-ാം വയസില്‍ അരങ്ങേറി, ക്ലീന്‍ ഷീറ്റുമായി കളംവിട്ട വൊസീഞ്ഞ റിക്കാര്‍ഡ് ബുക്കിലും ഇടംപിടിച്ചു. ലോകകപ്പില്‍ അരങ്ങേറി, ക്ലീന്‍ ഷീറ്റുമായി കളംവിടുന്ന ഏറ്റവും പ്രായമുള്ള കളിക്കാരന് എന്ന റിക്കാര്‍ഡാണ് വൊസീഞ്ഞ സ്വന്തമാക്കിയത്.
സ്പെയിനിനെതിരായ ഉജ്വല പ്രകടനത്തിനു പിന്നാലെ വൊസീഞ്ഞയുടെ സോഷ്യല്‍ മീഡിയ പേജില്‍ റോക്കറ്റ് വര്‍ധനയാണുണ്ടായത്. വെറും 50,000ത്തില്‍നിന്ന് 60 ലക്ഷം ഫോളോവേഴ്സിലേക്ക് വൊസീഞ്ഞ കുതിച്ചുപാഞ്ഞു. 21-ാം വയസിലാണ് വൊസീഞ്ഞ പ്രഫഷണല്‍ അരങ്ങേറ്റം കുറിച്ചത്, 2012ല്‍ 26-ാം വയസില്‍ രാജ്യാന്തര അരങ്ങേറ്റവും.
Sports
ടെക്സസ്: 2022 ഫിഫ ലോകകപ്പില്‍ ട്രെന്‍ഡിംഗ് ആയത് മെസിക്കൊരു കപ്പ് എന്നായിരുന്നെങ്കില്‍, 2026ല്‍ അതിനു ചെറിയൊരു മാറ്റം; സിആര്‍7ന് ഒരു ലോകകപ്പ്.
ഫുട്ബോള്‍ ലോകം കണ്ട, ഏറ്റവും അധ്വാനശീലവും അച്ചടക്കവുമുള്ള ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ഇന്നു കളത്തില്‍. 2026 ഫിഫ ലോകകപ്പ് ഗ്രൂപ്പ് കെയില്‍ തങ്ങളുടെ ആദ്യമത്സരത്തില്‍ കോംഗോയ്ക്ക് എതിരേയാണ് പോര്‍ച്ചുഗല്‍ ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം ഇന്നു രാത്രി 10.30നാണ് കിക്കോഫ്. സിആര്‍7ന്റെ തുടര്‍ച്ചയായ ആറാം ഫിഫ ലോകകപ്പ്.
റോബര്‍ട്ടോ മാര്‍ട്ടിനെസിന്റെ ശിക്ഷണത്തില്‍ ഇറങ്ങുന്ന പോര്‍ച്ചുഗല്‍, 2026 ലോകകപ്പിലെ കിരീടസാധ്യതയിൽ ഹോട്ട് ഫേവറിറ്റ് സീറ്റിലുള്ള ടീമുകളില്‍ ഒന്നാണ്. 2022 ലോകകപ്പില്‍ റൊണാള്‍ഡോയെ സൈഡ് ബെഞ്ചില്‍ ഇരുത്തിയ കാഴ്ച അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ഇന്നും വേദനാജനകം.
ഖത്തര്‍ ലോകകപ്പിനു പിന്നാലെയായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് വിടപറഞ്ഞതും സൗദി പ്രൊലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്സിയില്‍ ചേക്കേറിയതും. അല്‍ നസറില്‍ എത്തിയശേഷം ആദ്യമായി സൂപ്പര്‍ ലീഗ് നേടിയാണ് സിആര്‍7 ലോകകപ്പ് വേദിയിലെത്തുന്നതെന്നതും ശ്രദ്ധേയം.
രാജ്യാന്തര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ മത്സരം, ഏറ്റവും കൂടുതല്‍ ഗോള്‍, പ്രഫഷണല്‍ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ തുടങ്ങിയ റിക്കാര്ഡുകാരനായ റൊണാള്‍ഡോയ്ക്ക് ഒരു ലോകകപ്പ് നേട്ടം പറയാനില്ലെങ്കില്‍ കാവ്യനീതിയിലെ വിശ്വാസം ഇല്ലാതാകും...
Sports
ബലഹീനരെ ബലവാന്മാര് ഞെരിച്ചമര്‍ത്തും... പക്ഷേ, ഒന്നോര്‍ക്കുക, ആ ബലഹീനരുടെയും ലോകമാണ് നിങ്ങള്‍ക്കു ബലം നല്‍കുന്നത്, അല്ലെങ്കില്‍ നല്‍കിയത്.
അവര്‍ ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, നിങ്ങള്‍ക്ക് ആഘോഷങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. അവരെ നിഷ്പ്രഭമാക്കിയുള്ള ആഹ്ലാദങ്ങളും ആരവങ്ങളും ഗാലറിയെ ഇളക്കിമറിച്ചേക്കും... പക്ഷേ, ഒന്നോര്‍ക്കുക ബലഹീനരുടെയും അല്ലെങ്കില്‍ കുഞ്ഞന്മാരുടെയും ലോകമാണിത്...
നെതര്‍ലന്‍ഡ്സ് എന്ന കരുത്തനു മുന്നില്‍ ജപ്പാന്, സ്പാനിഷ് അര്മഡയ്ക്കു മുന്നില്‍ കേപ് വെര്‍ദെ, ബ്രസീലിനു മുന്നില്‍ മൊറോക്കോ... 2026 ഫിഫ ലോകകപ്പില്‍ എതിരാളിയുടെ തലപ്പൊക്കത്തില്‍ പതറാതിരുന്നവര്. ഇതില്‍ ഏറ്റവും ശ്രദ്ധേയം നെതര്‍ലന്‍ഡ്സിനെതിരേ ജപ്പാന്റെയും സ്പെയിനിന് എതിരേ കേപ് വെര്‍ദെയുടെയും ഗോളിമാര്‍ നടത്തിയ മിന്നും പ്രകടനങ്ങളാണ്. ഒരു ഗോള്‍ കീപ്പര്‍ എന്ന നിലയില്‍ ജാപ്പനീസ് ഗോളി സീയോന് സുസുക്കിയുടെയും കേപ് വെര്‍ദെ ഗോളി വൊസീഞ്ഞയുടെയും സേവുകള്‍ എനിക്കു രോമാഞ്ചജനകമാണ്.
നെതര്‍ലന്‍ഡ്സിന് എതിരേ സീയോന് സുസുക്കി നാല് സേവുകള്‍ നടത്തിയപ്പോള്‍, ജപ്പാന് 2-2 സമനില സ്വന്തമാക്കി. ഈ ലോകകപ്പില്‍ ഇതുവരെയുള്ള ഏറ്റവും ഹീറോയിസമായിരുന്നു സ്പെയിനിന് എതിരേ വൊസീഞ്ഞയുടേത്. ഏഴ് സേവുകള്‍ സ്പെയിനിന് എതിരേ ഈ കേപ് വെര്‍ദെ ഗോള്‍ കീപ്പര്‍ നടത്തി.
കുഞ്ഞന്മാര്, ബലഹീനര്‍ എന്നെല്ലാം വിശേഷണങ്ങളുള്ള കേപ് വെര്‍ദെയും കുറസാവോയും തങ്ങളുടേതായ ചരിത്രം രേഖപ്പെടുത്തിക്കഴിഞ്ഞു. ജര്‍മനിപോലുള്ള ഒരു വമ്പന്റെ വല രണ്ടു തവണ (ഒരു തവണ ഓഫ് സൈഡ്) കുറസാവോ താരങ്ങള്‍ കുലുക്കി എന്നതാണ് ഫിഫ ലോകകപ്പിന്റെ സൗന്ദര്യം...
Sports
ലൊസാഞ്ചലസ്: ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ഗോൾ നേടിയതിന് പിന്നാലെ ഇറാൻ മധ്യനിര താരം മുഹമ്മദ് മൊഹൈബി നടത്തിയ ആഘോഷപ്രകടനം വിവാദത്തിൽ. മത്സരത്തിന്റെ 64-ാം മിനിറ്റിൽ ഇറാനായി രണ്ടാം ഗോൾ നേടിയ ശേഷമായിരുന്നു താരത്തിന്റെ അച്ചടക്കമില്ലാത്ത പെരുമാറ്റം.
ഗോൾ നേട്ടം ആഘോഷിക്കുന്നതിനിടെ കൈകൾ കൊണ്ട് തോക്കുപയോഗിച്ച് വെടിയുതിർക്കുന്ന രീതിയിൽ താരം ആംഗ്യം കാണിക്കുകയായിരുന്നു. കായികരംഗത്തെ ധാർമ്മികതയ്ക്ക് നിരക്കാത്ത രീതിയിലുള്ള മൊഹെബിയുടെ ഈ ഗൺഫയർ പ്രകടനം വലിയ രീതിയിലുള്ള വിമർശനങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.
എന്നാൽ വിവാദ ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ മൊഹെബിയെ ലോകകപ്പിലെ ബാക്കി മത്സരങ്ങളിൽ നിന്ന് ഫിഫ വിലക്കണമെന്ന് ആവശ്യം ഉയർന്നു കഴിഞ്ഞു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയായിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Sports
ന്യൂയോർക്ക്: ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ലാറ്റിനമേരിക്കൻ വമ്പന്മാരായ യുറുഗ്വേയെ 1-1 എന്ന സ്കോറിൽ സമനിലയിൽ തളച്ച് സൗദി അറേബ്യ. ആദ്യ പകുതിയിൽ യുറുഗ്വേ തികഞ്ഞ മേധാവിത്വം പുലർത്തിയെങ്കിലും, കളിയുടെ ഗതിക്ക് വിപരീതമായി മത്സരത്തിൽ 41-ാം മിനിറ്റിൽ ഗോൾ നേടി സൗദി അറേബ്യയാണ് ആദ്യം മുന്നിലെത്തിയത്.
സെറ്റ് പീസിൽ നിന്ന് അബ്ദുല്ലെലാ അൽ അമ്രി നേടിയ ഗോളിൽ ഒന്നാം പകുതിയിൽ സൗദി ലീഡ് നിലനിർത്തി. എന്നാൽ രണ്ടാം പകുതിയിൽ ആക്രമണം ശക്തമാക്കിയ യുറുഗ്വേ മറുപടി ഗോൾ കണ്ടെത്തിയതോടെ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. കടുത്ത സമ്മർദ ഘട്ടത്തിലും യുറുഗ്വേയുടെ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ അറബ് കരുത്തർക്ക് സാധിച്ചു.
Sports
സീറ്റിൽ: പകരക്കാരനായി ഇറങ്ങി സെക്കൻഡുകൾക്കകം മാന്ത്രിക സ്പർശവുമായി റോമേലു ലുകാകു തിളങ്ങിയപ്പോൾ, ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജി പോരാട്ടത്തിൽ ഈജിപ്തിനെ 1-1 ന് സമനിലയിൽ തളച്ച് ബെൽജിയം. ആദ്യ പകുതിയിൽ തകർപ്പൻ ഗോളുമായി മുന്നിലെത്തിയ ഈജിപ്തിന്, രണ്ടാം പകുതിയിൽ വഴങ്ങേണ്ടി വന്ന സെൽഫ് ഗോളാണ് തിരിച്ചടിയായത്. ഇതോടെ ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ വിജയമെന്ന ഈജിപ്തിന്റെ കാത്തിരിപ്പ് വീണ്ടും നീളും.
സീറ്റിൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 19-ാം മിനിറ്റിൽ സൂപ്പർ താരം മുഹമ്മദ് സലായുടെ അസിസ്റ്റിൽ നിന്ന് ഇമാം അഷോറാണ് ഈജിപ്തിനെ മുന്നിലെത്തിച്ചത്. ബോക്സിന് പുറത്തുനിന്ന് അഷൂർ തൊടുത്ത ലോംഗ് റേഞ്ചർ ബെൽജിയം ഗോളി തിബോ കോർട്ടോയെ കാഴ്ചക്കാരനാക്കി വലയിൽ പതിക്കുകയായിരുന്നു. ആദ്യ പകുതിയിൽ ഈജിപ്ഷ്യൻ പ്രതിരോധത്തിന് മുന്നിൽ കെവിൻ ഡി ബ്രൂയ്നെ നയിച്ച ബെൽജിയം നിരയ്ക്ക് കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ സാധിച്ചില്ല.
എന്നാൽ രണ്ടാം പകുതിയിൽ കളി മാറി. 65-ാം മിനിറ്റിൽ ചാൾസ് ഡി കെറ്റെലെയറിന് പകരം കോച്ച് റോമേലു ലുകാകുവിനെ മൈതാനത്തിറക്കി. താരം കളത്തിൽ ഇറങ്ങി വെറും 22 സെക്കൻഡുകൾക്കകം ബെൽജിയം സമനില ഗോൾ കണ്ടെത്തി. തോമസ് മ്യൂനിയർ ബോക്സിലേക്ക് നൽകിയ മനോഹരമായ ക്രോസ് സ്വീകരിക്കാൻ ലുകാകു നടത്തിയ മുന്നേറ്റം ഈജിപ്ത് പ്രതിരോധത്തെ സമ്മർദ്ദത്തിലാക്കി. ലുകാകുവിനെ തടയാനുള്ള ശ്രമത്തിനിടയിൽ ഈജിപ്ഷ്യൻ ഡിഫെൻഡർ മുഹമ്മദ് ഹാനിയുടെ കാലിൽ തട്ടി പന്ത് സ്വന്തം വലയിലേക്ക് തന്നെ കയറുകയായിരുന്നു.
അവസാന മിനിറ്റുകളിൽ ഇരുടീമുകൾക്കും വിജയഗോൾ നേടാൻ അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളിമാരുടെ മികച്ച പ്രകടനം സ്കോർ ബോർഡ് 1-1 ൽ ഒതുക്കി.
Sports
ഫിഫ ലോകകപ്പില്‍ കളിക്കുക, ഗോള്‍ നേടുക, ജയിക്കുക... ഏതൊരു രാജ്യത്തിനും ആരാധകര്‍ക്കും ഈ സ്വപ്നങ്ങളുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അംഗബലമുള്ള ഇന്ത്യ ഇന്നും ആസ്വപ്നത്തില്നിന്ന് ഏറെ അകലെ.
1973ല്‍ ചരിത്രത്തില്‍ ആദ്യമായി കേരളം സന്തോഷ് ട്രോഫി ജയിച്ചപ്പോള്‍, ടീമിന്റെ ഗോള്‍ കീപ്പറായിരുന്ന എനിക്കുണ്ടായ ആഹ്ലാദത്തിന് അതിരില്ലായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ ഫിഫ ലോകകപ്പില്‍ അരങ്ങേറ്റം നടത്തിയ, ഏറ്റവും കുഞ്ഞന്‍ രാജ്യമായ കുറസാവോയുടെ ടീമിനും ആരാധകര്‍ക്കും ആ രാജ്യത്തിന്റെ കന്നിഗോള്‍ നേടിയ ലിവാനോ കൊമെനെന്സിയയ്ക്കും എത്രമാത്രം സന്തോഷത്തിലും സംതൃപ്തിയിലുമായിരിക്കും.
കാരണം, അവര്‍ ഫിഫ 2026 ലോകകപ്പിലൂടെ ലോക കാല്‍പ്പന്ത് പോരാട്ടത്തില്‍ അരങ്ങേറ്റം നടത്തി. നാലു തവണ ലോക ചാമ്പ്യന്മാരായ ജര്‍മനിയെ, മത്സരത്തിന്റെ രണ്ട് ഘട്ടത്തിലായി 17 മിനിറ്റ് സമനിലയില്‍ പിടിച്ചുനിര്‍ത്തി. ആദ്യ അഞ്ച് മിനിറ്റും തുടര്‍ന്ന് 22 മുതല്‍ 38വരെയും. 38-ാം മിനിറ്റിലായിരുന്നു ജർമനിയുടെ രണ്ടാം ഗോൾ.
ഗ്രൂപ്പ് ഇയില്‍ ജര്‍മനിയോട് 7-1ന്റെ ദയനീയ തോല്‍വി കുറസാവോ വഴങ്ങി. ആറാം മിനിറ്റിൽ ജര്‍മനിയുടെ ആദ്യ ഗോള്‍ നേടി. 21-ാം മിനിറ്റില്‍ ലിവാനോ കൊമെനെന്‍സിയയിലൂടെ കുറസാവോ സമനില ഗോള്‍ സ്വന്തമാക്കി; കുറസാവോയുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഗോള്‍ എന്ന ചരിത്രമുഹൂര്‍ത്തം 22കാരനായ ലിവാനോയെ കാത്തിരിക്കുകയായിരുന്നു എന്നും പറയാം. ഏതൊരു കളിക്കാരനും സ്വപ്നം കാണുന്ന മുഹൂര്‍ത്തം. മത്സരത്തില്‍ പിന്നീട് കുറസാവോ രണ്ടാമതും ജർമൻ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.
വെറും 1.5 ലക്ഷം ആളുകള്‍ മാത്രമുള്ള രാജ്യമാണ് കുറസാവോ. എന്നിട്ടും അവര്‍ ഫിഫ ലോകകപ്പ് ചരിത്രത്താളില്‍ തങ്ങളുടേതായ കൈയൊപ്പ് പതിപ്പിച്ചു. ഫിഫ ലോകകപ്പില്‍ മത്സരിക്കുന്ന ഏറ്റവും ചെറിയ രാജ്യമെന്ന നേട്ടവും, കേരളത്തിലെ കുഞ്ഞന്‍ ജില്ലയായ ആലപ്പുഴയുടെ മൂന്നില്‍ ഒന്നു വലുപ്പമുള്ള കുറസാവോയ്ക്കു സ്വന്തം.
Sports
ഫിഫ ലോകകപ്പിലേക്ക് ആദ്യമായി എത്തിയ കുറസാവോയെ 'നടയടി നല്കി' ജര്‍മനി സ്വീകരിച്ചു.
കുറസാവോയുടെ ഫിഫ ലോകകപ്പ് അരങ്ങേറ്റ മത്സരത്തില്‍ ദയയില്ലാതെ ഗോള്‍ അടിച്ചുകയറ്റി, ജര്‍മനി 7-1ന്റെ ജയം നേടി. മത്സരശേഷം ഇരുടീമംഗങ്ങളും ആശ്ലേഷിച്ചു.
എന്നാല്‍, കുറസാവോ കളിക്കാര്‍ മൈതാനമധ്യത്തില്‍ വൃത്താകൃതിയില്‍ ഒത്തുകൂടിയപ്പോള്‍ ജര്‍മനിയുടെ ജോനാഥന് താഹ്, ഫിലിക്സ് മെച്ച എന്നിവര്‍ അവര്‍ക്കൊപ്പം ചേര്‍ന്നതാണ് ഏറ്റവും ശ്രദ്ധേയമായത്.
കളിക്കളത്തില്‍ എതിരാളികളായിരിക്കാം എന്നാല്‍, അതിനുശേഷം നമ്മളെല്ലാം സഹോദരങ്ങളാണെന്നായിരുന്നു മെച്ച പിന്നീടു നടത്തിയ പ്രതികരണം.
Sports
ഗോള്‍ വലയ്ക്കു മുന്നില്‍ സീയോന് സുസുക്കിയുടെ ഉജ്വല പ്രകടനമാണ് നെതര്‍ലന്‍ഡ്സിനെ 2-2 സമനിലയില്‍ തളയ്ക്കാന്‍ ജപ്പാനെ സഹായിച്ചത്. മത്സരത്തില്‍ അത്യുജ്വല നാല് സേവുകള്‍ സുസുക്കി നടത്തി.
ഡച്ച് സംഘത്തിന്റെ നിരന്തര ആക്രമണം പ്രതിരോധിച്ച സുസുക്കി, ഡോണേല്‍ മാലെന്, കോഡി ഗാക്പോ, യാന്‍ പോള്‍ വാന്‍ ഹെക്കെ എന്നിവരുടെ ഉറച്ച ഗോള്‍ ശ്രമങ്ങള്‍ നിര്‍ജീവമാക്കി.
51-ാം മിനിറ്റിലാണ് മത്സരത്തില്‍ സുസുക്കി ആദ്യ ഗോള്‍ വഴങ്ങിയത്. സുസുക്കിയുടെ പാസിംഗ് കൃത്യത 75 ശതമാനമായിരുന്നു എന്നതും ശ്രദ്ധേയം.
സുസുക്കിയുടെ മിന്നും രക്ഷപ്പെടുത്തല്‍ നെതര്‍ലന്‍ഡിനെ സമനിലയില്‍ പൂട്ടി. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ രണ്ട് തവണ ലീഡ് നേടിയശേഷം നെതര്‍ലന്‍ഡ്സ് സമനില വഴങ്ങിയത് ആദ്യം.
Sports
സീറ്റിൽ: ഫിഫ ലോകകപ്പിലെ ആവേശകരമായ ഗ്രൂപ്പ് ജി മത്സരത്തിൽ യൂറോപ്യൻ കരുത്തരായ ബെൽജിയത്തെ ഞെട്ടിച്ച് ഈജിപ്റ്റ് മുന്നിൽ. സൂപ്പർ താരം മുഹമ്മദ് സലായുടെ കൃത്യതയാർന്ന അസിസ്റ്റിൽ നിന്ന് ഇമാം അഷോർ ആണ് ഈജിപ്റ്റിനായി വലകുലുക്കിയത്.
സീറ്റിൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ നിലവിൽ ഈജിപ്റ്റ് 1-0 ന് മുന്നിലാണ്. ബെൽജിയത്തിന്റെ ശക്തമായ പ്രതിരോധ നിരയെ ഭേദിച്ചുകൊണ്ട് മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ലീഡെടുക്കാൻ ഈജിപ്റ്റിന് സാധിച്ചു. സൂപ്പർ താരം റോമേലു ലുകാകു നിലവിൽ ബെൽജിയത്തിന്റെ പകരക്കാരുടെ നിരയിലാണ്.
Sports
ഡാലസ്: ലോകകപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ കരുത്തരായ നെതർലൻഡ്സിനെ ഞെട്ടിച്ച് ജപ്പാൻ. ആവേശപ്പോരാട്ടത്തിൽ ഡച്ച് പടയെ 2-2 എന്ന സ്കോറിന് സമനിലയിൽ തളച്ചാണ് ജപ്പാൻ തങ്ങളുടെ വരവറിയിച്ചത്.
മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നെങ്കിലും രണ്ടാം പകുതിയിലാണ് കാണികളെ ആവേശത്തിലാഴ്ത്തിയ നാല് ഗോളുകളും പിറന്നത്. ആദ്യ പകുതിയിൽ 59 ശതമാനം പന്തടക്കവുമായി നെതർലൻഡ്സ് തന്നെയാണ് കളം നിറഞ്ഞത്. ഡോണിയൽ മലനിലൂടെ ഡച്ച് പട രണ്ടു മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ജപ്പാൻ പ്രതിരോധം കോട്ട കാത്തു.
എന്നാൽ 50-ാം മിനിറ്റിൽ റയാൻ ഗ്രാവിൻബെർച്ചിന്റെ ഫ്രീക്കിക്കിൽ നിന്ന് ഉയർന്നുവന്ന പന്ത് ഹെഡ് ചെയ്ത് പ്രതിരോധ താരം വിർജിൽ വാൻ ഡിക്ക് നെതർലൻഡ്സിന് ആദ്യ ലീഡ് സമ്മാനിച്ചു. എന്നാൽ ആ ഗോൾ ആഘോഷം നീണ്ടുനിന്നത് ഏഴു മിനിറ്റ് മാത്രമായിരുന്നു.
57-ാം മിനിറ്റിൽ ടാകെഫുസ കുബോ ഡച്ച് ബോക്സിനുള്ളിലേക്ക് നൽകിയ മനോഹരമായ പാസ് സ്വീകരിച്ച് കെയ്റ്റോ നകാമുറ ജപ്പാന്റെ സമനില ഗോൾ നേടി. തുടർന്ന് കളി വീണ്ടും മുറുകിയതോടെ 64-ാം മിനിറ്റിൽ റയാൻ ഗ്രാവിൻബെർച്ചിന്റെ അസിസ്റ്റിൽ നിന്ന് ഒരു കിടിലൻ ഇടതു കാൽ വോളിയിലൂടെ ക്രൈസൻസിയോ സമ്മർവിൽ നെതർലൻഡ്സിനെ വീണ്ടും മുന്നിലെത്തിച്ചു.
ഡച്ചുകാർ വിജയം ഉറപ്പിച്ചു എന്ന് തോന്നിച്ച നിമിഷത്തിലാണ് ജപ്പാന്റെ അടുത്ത പ്രഹരമെത്തിയത്. മത്സരം അവസാനിക്കാൻ വെറും രണ്ട് മിനിറ്റ് ശേഷിക്കെ പകരക്കാരനായി ഇറങ്ങിയ ഡൈച്ചി കമദ ജപ്പാന്റെ രക്ഷകനായി അവതരിച്ചു. ബോക്സിലെ പിഴവുകൾ മുതലെടുത്ത് കമദ പന്ത് വലയിലെത്തിച്ചതോടെ ജപ്പാൻ അർഹിച്ച സമനിലയുമായി കളംവിട്ടു.